സുരേഷ് ഗോപി പരസ്യമായി ക്ഷമ പറഞ്ഞുകഴിഞ്ഞു; ഇനി വിവാദം അവസാനിപ്പിക്കണമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സുരേഷ് ഗോപി പരസ്യമായി ക്ഷമ പറഞ്ഞു കഴിഞ്ഞു. ഇനിയെങ്കിലും ഈ വിവാദം അവസാനിപ്പിക്കണമെന്നാണ് സുരേന്ദ്രന്റെ പ്രതികരണം.

‘ഒട്ടും ദുരുദ്ദേശപരമല്ലാത്ത ഒരു നടപടിയായിട്ടും മനോവിഷമമുണ്ടായ സഹോദരിയോട് ശ്രീ. സുരേഷ് ഗോപി പരസ്യമായി ക്ഷമ പറഞ്ഞുകഴിഞ്ഞു. ഇനിയെങ്കിലും ഈ വിവാദം അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.’, എന്നാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.സംഭവത്തില്‍ സുരേഷ് ഗോപി മാപ്പ് പറഞ്ഞിരുന്നു. സാധാരണ എല്ലാവരോടും പെരുമാറുന്ന രീതിയിലാണ് പെരുമാറിയത് എന്നും തെറ്റായ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും സുരേഷ് ഗോപി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് മീഡിയ വണ്‍ ചാനലിലെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റിനോട് സുരേഷ് ഗോപി മോശമായി പെരുമാറിയത്.

‘തെറ്റായ വിചാരത്തിലോ അങ്ങനെ ഒരു തോന്നലിലോ ഒന്നും ചെയ്തതല്ല. തീര്‍ത്തും സാധാരണ പെണ്‍കുട്ടികളോട് പെരുമാറുന്നത് പോലെയാണ് പെരുമാറിയത്. അത് ഒരു റോങ് ടച്ച് ആയി അല്ല. പക്ഷെ ആ കുട്ടിക്ക് അങ്ങനെയാണ് തോന്നിയതെങ്കില്‍ സമൂഹത്തിന് മുന്നില്‍ മാപ്പ് പറയുന്നു. ഇത് പറയാന്‍ ഇന്നലെ തന്നെ ഞാന്‍ ആ കുട്ടിയെ വിളിച്ചിരുന്നു. പക്ഷെ ഫോണ്‍ എടുത്തില്ല. അവരുടെ ഭര്‍ത്താവിന്റെ നമ്പറിലും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു, ഞാന്‍ അതിന് തയ്യാറായി. ഇതിന് ശേഷവും പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ അതും നേരിടാന്‍ തയ്യാറാണ്. ഞാന്‍ തെറ്റ് ചെയ്തില്ല എന്നു തന്നെ പറയുന്നു. എങ്കിലും അവരുടെ തെറ്റിനാണ് സ്ഥാനമെങ്കില്‍ ഞാന്‍ ആ തെറ്റിന് മാപ്പ് പറയുന്നു,’ സുരേഷ് ഗോപി പറഞ്ഞു.

ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈ വെക്കുകയായിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തക അപ്പോള്‍ തന്നെ കൈ തട്ടിമാറ്റിയിരുന്നു. സംഭവത്തില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയനും ഇന്നലെ അറിയിച്ചിരുന്നു.

Previous articleനവകേരള സദസ്സിന് ‘കൂപ്പണ്‍, രസീത് ‘പണപ്പിരിവ് വേണ്ടെന്ന് നിര്‍ദേശം,സ്പോൺസർമാരെ ജില്ലാ ഭരണകൂടം കണ്ടെത്തണം
Next articleകോൺഗ്രസിനെ അച്ചടക്കമുള്ള പാർട്ടിയാക്കി മാറ്റും, തർക്കങ്ങൾ പാർട്ടിയെ തളർത്തുന്നു: കെ സുധാകരൻ