പ്രണയത്തിലായ പെൺകുട്ടിയുമായി ജീവിക്കാൻ പണമില്ല; മോഷണത്തിനായി കാമുകനും, കാമുകിയും ഒന്നിച്ചിറങ്ങി
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് ക്ഷേത്രത്തിനു സമീപമുള്ള റോഡിൽ വച്ച് സ്ത്രീയുടെ മാല പൊട്ടിച്ച് കവർച്ച നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ രണ്ടുപേർ പോലീസ് പിടിയിലായി.
മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ചെബ്റത്ത് വീട്ടിൽ ശ്രീരാഗ് (23)ണ് പിടിയിലായത്. കഴിഞ്ഞ 23ന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു സമീപം റോഡിൽ വച്ച് അങ്ങാടിപ്പുറം സ്വദേശിനിയുടെ മാല ബൈക്കിലെത്തിയ രണ്ടു പേർ പൊട്ടിച്ച് ബൈക്ക് വേഗത്തിൽ ഓടിച്ചു രക്ഷപ്പെടുകയായിരുന്നു.
ഈ പരാതിയിലാണ് അന്വേഷണം നടന്നത്. പെരിന്തൽമണ്ണ സി.ഐ സി.കെ നാസർ, എസ്.ഐ സി.കെ നൗഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കൂടുതൽ ചോദ്യം ചെയ്തതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയത്തിലായി വീട് വിട്ട് ഇറങ്ങേണ്ടി വന്നതായും, ഒന്നിച്ച് ജീവിക്കാൻ ആവശ്യമായ പണം കണ്ടെത്താനും, വാഹനവും മറ്റും വാങ്ങാനുമായി പണമുണ്ടാക്കാൻ രണ്ടു പേരും ആലോചിച്ചുണ്ടാക്കിയ മാർഗ്ഗമായിരുന്നു മാല പൊട്ടിക്കലെന്നും, സംഭവസമയത്ത് ബൈക്കിന് പിന്നിലിരുന്നത് കാമുകി ആയിരുന്നെന്നും പോലീസിനോട് പറഞ്ഞു. മാല പൊട്ടിച്ച ശേഷം കയ്യിൽ വെച്ച് കറക്കിയാണ് ബൈക്കിൽ പോയതെന്നും, മഴക്കോട്ട് ധരിച്ചിരുന്നതിനാൽ പുറകിൽ ഇരിക്കുന്നത് പെൺകുട്ടിയാണെന്ന് തിരിച്ചറിയാൻ സാധിച്ചില്ലെന്നും പരാതിക്കാരി പറഞ്ഞു.
പെൺകുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കും.