പ്ലസ് വണ്ണിലേക്ക് ഓൺലൈനായി നാളെ മുതൽ അപേക്ഷിക്കാം (ജൂലൈ 29)

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ജൂലൈ 29 വൈകിട്ട് അഞ്ചുമണി മുതൽ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഏകജാലക അപേക്ഷയാണ്. https://www.hscap.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓഗസ്റ്റ് 14 ആണ് അവസാന തിയ്യതി.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ ലളിതമാക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രവേശന മാർഗനിർദേശങ്ങൾ ഇന്നു പുറത്തിറക്കാനാണു ശ്രമം. അപേക്ഷയ്ക്കൊപ്പം വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യേണ്ടതില്ല. പ്രവേശനം ലഭിച്ച് സ്കൂളിൽ ചേരുമ്പോൾ മാത്രം അപേക്ഷാ ഫീസ് പ്രവേശന സമയത്ത് അടച്ചാൽ മതി.
മുൻ വർഷങ്ങളിലെപ്പോലെ അപേക്ഷയുടെ പ്രിന്റൗട്ട് വെരിഫിക്കേഷനു വേണ്ടി സ്കൂളുകളിൽ സമർപ്പിക്കേണ്ടി വരില്ല. അപേക്ഷ സമർപ്പണത്തിനു ശേഷം മൊബൈൽ വൺ ടൈം പാസ്‌വേഡ് നൽകി കാൻഡിഡേറ്റ് ലോഗിൻ വാങ്ങണം. ഇതുവഴിയായിരിക്കും പിന്നീടുള്ള പ്രവർത്തനങ്ങൾ.
അപേക്ഷകർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് അലോട്മെന്റ്. തെറ്റായ വിവരങ്ങൾ നൽകി അലോട്ട്മെന്റ് നേടിയാൽ റദ്ദാക്കും. സ്പോർട്സ് ക്വാട്ട പ്രവേശനത്തിന്റ രണ്ടു ഘട്ടങ്ങളും ഓൺലൈനിൽ ആണ് നടക്കുക. ഭിന്നശേഷി അപേക്ഷകർ വിവരം അപേക്ഷയിൽ രേഖപ്പെടുത്തി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. പ്ലസ് വൺ ഏകജാലകം പ്രധാന തീയതികൾ; അപേക്ഷ ആരംഭിക്കുന്ന തീയതി: ജൂലൈ 29/07/2020, അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : 14/08/2020, ട്രയൽ അലോട്ട്മെന്റ് : 18/08/2020,
ആദ്യ അലോട്ട്മെന്റ് : 24/08/2020,
മുഖ്യ അലോട്ട്മെന്റുകൾ അവസാനിക്കുന്ന തീയതി 15/09/2020, സപ്ലിമെന്ററി ഘട്ടം: 22/09/2020 മുതൽ 09/10/ 2020 വരെ, അഡ്മിഷൻ അവസാനിപ്പിക്കാനുള്ള തീയതി 09/10/ 2020.

Social Share Buttons and Icons powered by Ultimatelysocial