ടെസ്റ്റിൽ 500 വിക്കറ്റ് നേട്ടം കുറിച്ച സ്റ്റുവർട്ട് ബ്രോഡിനെ അഭിനന്ദിച്ച് യുവ‌രാജ് സിംഗ്

ടെസ്റ്റിൽ 500 വിക്കറ്റ് നേട്ടം കുറിച്ച ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം യുവ‌രാജ് സിംഗ്. ബ്രോഡ് ഒരു ഇതിഹാസം ആണെന്നാണ് യുവി തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചത്. താൻ ബ്രോഡിനെപ്പറ്റി എപ്പോൾ എഴുതിയാലും 6 സിക്സറുകളാണ് ആളുകൾ ഓർക്കുന്നതെന്നും അത് മാറ്റി ഇന്ന് അദ്ദേഹത്തിനു വേണ്ടി കയ്യടിക്കാൻ താൻ എല്ലാവരോടും ആവശ്യപ്പെടുകയാണെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സിൽ 9 റൺസെടുത്ത ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയാണ് ഇംഗ്ലീഷ് പേസർ ഈ നേട്ടത്തിലെത്തിയത്. ടെസ്റ്റിൽ 500 വിക്കറ്റ് നേട്ടം കുറിക്കുന്ന നാലാമത്തെ ഫാസ്റ്റ് ബൗളറാണ് ബ്രോഡ്. ഇംഗ്ലണ്ടിൻ്റെ തന്നെ ജെയിംസ് ആൻഡേഴ്സൺ, ഓസീസ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത്​, വിൻഡീസ് ഇതിഹാസം കോട്​നി​ വാൽഷ്​ എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ. 2007ൽ നടന്ന പ്രഥമ ലോകകപ്പിലാണ് യുവരാജ് സിംഗ് സ്റ്റുവർട്ട് ബ്രോഡിൻ്റെ ഒരു ഓവറിൽ 6 സിക്സറുകൾ അടിച്ചത്. അന്ന് 21കാരനായ ബ്രോഡ് പിന്നീട് മികച്ച ഒരു ടെസ്റ്റ് ബൗളറായി രൂപാന്തരപ്പെടുകയായിരുന്നു.

Social Share Buttons and Icons powered by Ultimatelysocial