രണ്ടാഴ്ചയ്ക്കകം കോവിഡ് വാക്‌സിന്‍ സജ്ജമാകുമെന്ന് റഷ്യ

മോസ്‌കോ: രണ്ടാഴ്ചയ്ക്കകം കോവിഡ് വാക്‌സിന്‍ സജ്ജമാകുമെന്ന് റഷ്യ. വാക്‌സിന്റെ സുരക്ഷയിലും കാര്യക്ഷമതയിലും ആശങ്കകള്‍ നിലനില്‍ക്കുന്ന വേളയിലാണ് റഷ്യ ലോകത്തെ ആദ്യ കോവിഡ് വാക്‌സിന് അനുമതി നല്‍കുന്നത്. റഷ്യന്‍ സൈന്യവും സര്‍ക്കാറും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. നിലവില്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ രണ്ടാം ഘട്ടത്തിലാണ് വാക്‌സിന്‍. ഓഗസ്റ്റ് പത്തിനോ അതിനു മുമ്പോ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കും എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമമായ സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതൊരു സ്പുട്‌നിക് നിമിഷമാണ് എന്നായിരുന്നു ഇതേക്കുറിച്ച് റഷ്യന്‍ സോവറീന്‍ വെല്‍ത്ത് ഫണ്ട് മേധാവി കിരില്‍ ദിമിത്രേവിന്റെ പ്രതികരണം. വെല്‍ത്ത് ഫണ്ടാണ് വാക്‌സിന്‍ നിര്‍മാണത്തിന് സാമ്പത്തിക സഹായം നല്‍കുന്നത്. ലോകത്തെ ആദ്യത്തെ വിജയകരമായ ഉപഗ്രഹമാണ് സ്പുട്‌നിക്. 1957ലാണ് ഇത് യാഥാര്‍ത്ഥ്യമായത്. ഈ വിക്ഷേപണ ദൗത്യത്തോടാണ് ദിമിത്രേവ് വാക്‌സിന്‍ വികസനത്തെ ഉപമിച്ചത്. സ്പുട്‌നിക് ശബ്ദമുണ്ടാക്കിയ വേളയില്‍ അമേരിക്കക്കാര്‍ വിസ്മയിച്ചിരുന്നു. വാക്‌സിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ് റഷ്യയാണ് ആദ്യമായി ഇതു നിര്‍മിക്കുന്നത്’ – അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, വാക്‌സിനുമായി ബന്ധപ്പെട്ട ശാസ്ത്രീയ രേഖകള്‍ ഒന്നും ഇതുവരെ റഷ്യ പുറത്തുവിട്ടിട്ടില്ല. അതു കൊണ്ടു തന്നെ ഇതിന്റെ സുരക്ഷ, കാര്യക്ഷമത എന്നിവല്‍ പല ചോദ്യങ്ങളുമുണ്ട്.

Social Share Buttons and Icons powered by Ultimatelysocial