കിട്ടിയത് 780 കിലോ ഭാരമുള്ള മത്സ്യം;50,000 രൂപയ്ക്കാണ് ഇതിനെ കച്ചവടമായത്

ബംഗാൾ: ദിഘ തീരത്ത് വച്ച് ഒരുകൂട്ടം മത്സ്യത്തൊഴിലാളികള്‍ പിടിച്ച മീന്‍ 50,000 രൂപയ്ക്കാണ് കച്ചവടമായത്.ഏതാണ്ട് 780 ഓളം കിലോ ഭാരം വരുന്ന വമ്പന്‍ മീനാണ് ഇത്. ഇതിന് എട്ടടിയോളം നീളവും അഞ്ചടിയോളം വീതിയുമുണ്ട്. നാട്ടുകാര്‍ ഇതിനെ വിളിക്കുന്നത് ‘ശങ്കര്‍ ഫിഷ്’ എന്നാണ്. ദിഘ തീരത്ത് ഇതിന് മുമ്പ് ഇത്രയും വലിപ്പത്തിലുള്ള ഒരു മീനിനെ ആര്‍ക്കും കിട്ടിയിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. നേരത്തെ ഇതേ ഇനത്തില്‍ പെടുന്ന, 300 കിലോ ഭാരം വരുന്ന ഒരു മീനിനെ ഇവിടെ നിന്ന് കഴിഞ്ഞ വര്‍ഷം ഒരു മത്സ്യത്തൊഴിലാളിക്ക് ലഭിച്ചിരുന്നു. ബംഗാളികള്‍ക്കിടയില്‍ ഏറെ പ്രിയമുള്ള തരം മത്സ്യമാണിത്. പൊതുവേ മീന്‍ വിഭവങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ള ഇടം കൂടിയാണ് ബംഗാള്‍.
തങ്ങളുടെ വലയില്‍ കുടുങ്ങിയത് ഒരു രാക്ഷസ മീനാണെന്ന് മനസിലാക്കിയ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം അവസാനിപ്പിച്ച് കരയിലേക്ക് മടങ്ങുകയായിരുന്നു. കരയിലെത്തിയതോടെ ഇതിനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടി. മൊത്തക്കച്ചവടക്കാരായ സംഘമാണ് പിന്നീട് 50,000 രൂപയ്ക്ക് ഈ മീനിനെ സ്വന്തമാക്കിയത്.

Social Share Buttons and Icons powered by Ultimatelysocial