ബാഴ്സലോണ താരം സാവി കൊവിഡ് മുക്തനായി

മുൻ ബാഴ്സലോണ, സ്പെയിൻ താരവും ഖത്തർ ക്ളബ് അൽ സാദിന്റെ പരിശീലകനുമായ സാവി ഹെർണാണ്ടസ് കൊവിഡ് മുക്തനായി. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ താൻ കൊവിഡ് നെഗറ്റീവായെന്ന് സാവി തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. അസുഖം മാറി താൻ വീട്ടിലേക്ക് മടങ്ങിയെന്നും 40കാരനായ സാവി കുറിച്ചു. അസുഖം മാറിയതിനെ തുടർന്ന് അദ്ദേഹം ഇന്നലെ ക്ലബിൽ തിരിച്ചെത്തിയിരുന്നു. അദ്ദേഹത്തിൻ്റെ തിരിച്ചുവരവ് ക്ലബ് തന്നെയാണ് അറിയിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ഖത്തർ സ്​റ്റാർസ്​ ലീഗ് പ്രോട്ടോകോൾ പ്രകാരമുള്ള പരിശോധനയിലാണ് സാവിക്ക് രോഗം സ്​ഥിരീകരിച്ചത്. തുടർന്ന് താരം ഐസൊലേഷനിൽ പ്രവേശിച്ചു. ബാഴ്സലോണക്ക് വേണ്ടി നാല് തവണ ചാമ്പ്യൻസ്​ ലീഗും എട്ട് തവണ ലാലിഗയും നേടിയ താരമാണ് സാവി. 2010ൽ ലോകകപ്പും 2008, 2012 വർഷങ്ങളിൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പും നേടിയ സ്​പെയിൻ ദേശീയ ടീമിലും ഇദ്ദേഹം അംഗമായിരുന്നു.

Social Share Buttons and Icons powered by Ultimatelysocial