പഠിക്കാൻ ദിവസവും 22 കിലോമീറ്റർ യാത്ര; പത്താം ക്ലാസ് പരീക്ഷയിൽ 82 ശതമാനം മാർക്ക് നേടി വിദ്യാർത്ഥി

മഹാരാഷ്ട്ര: സ്കൂളിലേക്കും തിരികെ വീട്ടിലേക്കുമായി ഈ വിദ്യാർത്ഥി യാത്ര ചെയ്യുന്നത് പ്രതിദിനം 22 കിലോമീറ്ററാണ്. കാൽനടയായിട്ടാണ് യാത്ര. മഹാരാഷ്ട്രയിലെ പൂന ജില്ലയിൽ നിന്നാണ് പതിനാറ് വയസ്സുകാരനായ അനന്ത ദോഫെഡ് കാൽനടയായി സ്കൂളിലെത്തുന്നത്. ദിവസവും ഇത്രയും ദൂരം നടക്കുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. എന്നാൽ ശരീരത്തിന്റെ തളർച്ച തന്റെ പഠനത്തെ ബാധിക്കാതിരിക്കാൻ അനന്ത പരമാവധി ശ്രമിച്ചു. കഷ്ടപ്പാടിന്റെ ഫലം അവന് ലഭിക്കുകയും ചെയ്തു. പത്താം ക്ലാസ് പരീക്ഷയിൽ 82 ശതമാനം മാർക്കാണ് അനന്ത നേടിയത്. രാവിലെ നാല് മണിക്ക് ഉണർന്ന് ആറ് മണിവരെ പഠിക്കും. പിന്നീട് ഒരു മണിക്കൂർ ഉറങ്ങിയതിന് ശേഷം സ്കൂളിലേക്ക് നടക്കാൻ തുടങ്ങും. സ്കൂളിൽ നിന്ന് തിരികെ എത്തിയാലുടൻ തന്നെ രാത്രി വൈകും വരെ പഠിക്കാനിരിക്കും. വളരെ പ്രധാനപ്പെട്ട വർഷമായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു.’ അനന്ത ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. മൂന്ന് മക്കളിൽ ഏറ്റവും ഇളയ ആളാണ് അനന്ത. ചെറിയ മൺവീട്ടിൽ അമ്മയോടും സഹോദരങ്ങളോടുമൊപ്പമാണ് അനന്ത താമസിക്കുന്നത്. അച്ഛൻ കാന്റീനിൽ വെയിറ്ററായി ജോലി ചെയ്യുന്നു. പകൽ പോലും വെളിച്ചം കടന്നു ചെല്ലാത്ത വീടാണ് അനന്തയുടേത്. തനിക്ക് ലഭിച്ച മാർക്കിൽ അനന്ത തൃപ്തനല്ല. ഭാവിയിൽ കൂടുതൽ നന്നായി പഠിച്ച് മികച്ച മാർക്ക് വാങ്ങാനാണ് അനന്തയുടെ തീരുമാനം. വളരെ നാളായുള്ള തന്റെ ആ​ഗ്രഹം പൂർത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ മിടുക്കൻ. പൂന സിറ്റിയിലെ ജൂനിയർ കോളേജിൽ ചേർന്ന് പഠിക്കണം. യുപിഎസ്‍സി പഠിച്ച് സിവിൽ സർവ്വീസ് ഉദ്യോ​ഗസ്ഥനാകാനാണ് അനന്തയുടെ ആ​ഗ്രഹം.
90 ശതമാനം മാർക്കിൽ കൂടുതൽ ലഭിക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. സ്കൂളിന് അടുത്തുള്ള ഹോസ്റ്റലിൽ താമസിച്ച് പഠിച്ചിരുന്നെങ്കിൽ എനിക്ക് കുറച്ചു കൂടി മികച്ച മാർക്ക് വാങ്ങാമായിരുന്നു. പക്ഷേ ഞങ്ങൾക്ക് പണമില്ലായിരുന്നു. ദിവസം തോറും നാല് മണിക്കൂർ നടക്കുന്നത് എന്നെ തളർത്തി.’ അനന്ത പറഞ്ഞു. പൂനെ ന​ഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയുളള വെൽഹ താലൂക്കിലെ വർഖാഡ് ​ഗ്രാമത്തിലാണ് അനന്ത താമസിക്കുന്നത്. ഈ ​ഗ്രാമത്തിൽ ആയിരത്തിലധികം ജനങ്ങളുണ്ട്. ഭൂരിഭാ​ഗം കുടുംബങ്ങളും മെച്ചപ്പെട്ട ജീവിത സാഹചര്യം ലഭിക്കുന്നതിനായി ന​ഗരത്തിലേക്ക് കുടിയേറി. ആ​ ​ഗ്രാമത്തിൽ നിന്നു സ്കൂളിലേക്ക് പോകുന്ന മൂന്ന് വിദ്യാർത്ഥികളിൽ ഒരാളാണ് അനന്ത. ഇവിടെ ബസ് ഉണ്ടെങ്കിലും അത് സ്കൂൾ സമയത്തിന് എത്തില്ല. അതുകൊണ്ട് തന്നെ പട്ടണത്തിൽ എത്താൻ മിക്കവരും കാൽനടയായിട്ടാണ് യാത്ര ചെയ്യുന്നത്. അനന്തയുടെ വിജയത്തിൽ വളരെയധികം സന്തോഷമാണ് അധ്യാപകർക്കുള്ളത്. പ്രതിബന്ധങ്ങൾക്കിടയിലും ഏറ്റവും മികച്ച വിജയമാണ് അവൻ കരസ്ഥമാക്കിയിരിക്കുന്നതെന്ന് ഇവർ പറയുന്നു.

Social Share Buttons and Icons powered by Ultimatelysocial