ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും ഈ ജ്യൂസ് സഹായിക്കും

നമ്മുടെ നാട്ടിലേക്ക് വിരുന്നെത്തിയ പഴമാണ് ലിച്ചിപ്പഴം. എന്നാല്‍ ഇന്ന് എല്ലാവരുടെയും പ്രിയപ്പെട്ടതുമാണിത്. പുറത്ത് ചുവന്ന നിറത്തില്‍ പരുക്കനായി കാണുന്ന ലിച്ചിയുടെ തൊലിക്കുള്ളില്‍ ബട്ടര്‍ നിറത്തിലുള്ള കാമ്പാണ് ഉള്ളത്. ഈ കാമ്പിന് നല്ല മധുരമാണ്. ലിച്ചിയില്‍ ശരീരഭാരം കുറയ്ക്കാനുള്ള പോഷകഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയുടെ കലവറയായ ലിച്ചി പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ധാരാളം ഫൈബര്‍ അടങ്ങിയ ലിച്ചിപ്പഴത്തിന് ദഹനപ്രക്രികയയെ സുഗമമാക്കാന്‍ സാധിക്കും. ലിച്ചിയില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ ആന്റി വൈറലായി പ്രവര്‍ത്തിക്കുകയും അണുബാധയെ പ്രതിരോധിക്കുകയും ചെയ്യും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ലിച്ചിപ്പഴം കഴിക്കുന്നത് നല്ലതാണ്. ലിച്ചിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആണ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. ലിച്ചിയില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, കോപ്പര്‍ തുടങ്ങിയവ എല്ലിനുണ്ടാവുന്ന ബലക്ഷയത്തെ തടയും. കാത്സ്യം എല്ലുകളിലേക്കെത്തിക്കാന്‍ ഇവയ്ക്ക് സാധിക്കും.
അമിതവണ്ണം ആണ് ഇന്ന് പലരെയും ബാധിക്കുന്ന ഒരു പ്രധാന പ്രശ്നം. ഫൈബര്‍ ധാരാളം അടങ്ങിയ ലിച്ചി ദഹനത്തെ സുഗമമാക്കി ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും. അമിതവണ്ണം കുറയ്ക്കാനായി ലിച്ചി കൊണ്ട് തയ്യാറാക്കുന്ന ജ്യൂസ് കുടിക്കാവുന്നതാണ്. ഇതിനായി ആദ്യം തൊലി കളഞ്ഞ ലിച്ചിപ്പഴങ്ങള്‍ എടുക്കുക. ഇതിലേയ്ക്ക് നാരങ്ങാവെള്ളം കൂടി ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഇവ ഒരു ഗ്ലാസിലേയ്ക്ക് മാറ്റുക. ഇതിലേയ്ക്ക് കുറച്ച് അയമോദകം കൂടി ചേര്‍ക്കാം. ശേഷം ഐസ് ക്യൂബിട്ട് കുടിക്കാം. ഇത് ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

Social Share Buttons and Icons powered by Ultimatelysocial