22 വർഷം നീണ്ട കരിയറിന് വിരാമം; സ്പാനിഷ് ഇതിഹാസം ഇകർ കസിയസ് വിരമിച്ചു
22 വർഷം നീണ്ട കരിയറിനു വിരാമമിട്ട് സ്പാനിഷ് ഇതിഹാസ ഗോൾ കീപ്പർ ഇകർ കസിയസ് വിരമിച്ചു. തൻ്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. നിലവിൽ പോർച്ചുഗീസ് ക്ലബ് പോർട്ടോയുടെ താരമായിരുന്നു കസിയസ്. സീസണിൽ പോർട്ടോ കിരീടം ഉയർത്തിയിരുന്നു. സീസൺ മധ്യത്തിൽ വച്ച് ഹൃദയാഘാതമുണ്ടായി ആശുപത്രിയിലായ അദ്ദേഹം പിന്നീട് കളത്തിൽ ഇറങ്ങിയിട്ടില്ല. ആ സമയത്ത് കസിയസ് വിരമിക്കുമെന്ന് ചില റിപ്പോർട്ടുകൾ ഉയർന്നിരുന്നെങ്കിലും അദ്ദേഹം തന്നെ അത് തള്ളിയിരുന്നു. റയൽ മാഡ്രിഡ് ഇതിഹാസ താരമായ കസിയസ് 2015 ലാണ് പോർട്ടോയിലെത്തുന്നത്. 39കാരനായ കസിയസ് പോര്‍ട്ടോക്ക് ഒപ്പം നാല് കിരീടങ്ങള്‍ നേടി. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം, ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റുള്ള താരം തുടങ്ങി നിരവധി റെക്കോർഡുകളാണ് ഇതിഹാസ ഗോൾ കീപ്പർ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ക്ലബ് തലത്തിലും ദേശീയ തലത്തിലും ഒട്ടേറെ നേട്ടങ്ങൾ അദ്ദേഹം സ്വന്തമാക്കി. രാജ്യത്തിനായി ലോകപ്പും യൂറോകപ്പും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ക്യാപ്റ്റൻ എന്ന നിലയിൽ 2010ലെ ലോകകപ്പും 2008, 2012 വര്‍ഷങ്ങളില്‍ യൂറോ കപ്പുകളും അദ്ദേഹം സ്പെയിന് നേടിക്കൊടുത്തു. ദേശീയ ടീമിൽ 167 തവണ അദ്ദേഹം കളിച്ചു. കരിയറിൻ്റെ ഭൂരിഭാഗവും കളിച്ച സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിൻ്റെ മാനേജ്മെൻ്റിനൊപ്പം അദ്ദേഹം പ്രവർത്തിക്കും എന്നാണ് റിപ്പോർട്ട്.