മോദി സിന്ദാബാദ് വിളിക്കാത്തതിന് ഓട്ടോ ഡ്രൈവറെ മർദിച്ചു

രാജസ്ഥാൻ: ജയ് ശ്രീറാം; മോദി സിന്ദാബാദ് മുദ്രാവാക്യം മുഴക്കാൻ ആവശ്യപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവർക്ക് ക്രൂരമർദനം. രാജസ്ഥാനിലെ സികാർ ജില്ലയിലാണ് സംഭവം. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 52കാരനായ ​ഗഫാർ അഹമ്മദ് ആണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. അദ്ദേഹത്തിന്റെ പല്ല് പൊട്ടിയിരുന്നു കണ്ണും കവിളും അടിയേറ്റ് വീർത്ത അവസ്ഥയിലായിരുന്നു. സംഭവത്തെ കുറിച്ച് ​ഗഫാർ അഹമ്മദ് പറഞ്ഞതിങ്ങനെ-
വെള്ളിയാഴ്ച വെളുപ്പിന് രണ്ട് പേരെ സമീപത്തെ ​ഗ്രാമത്തിൽ ഇറക്കിയ ശേഷം മടങ്ങുകയായിരുന്നു. കാറിൽ വന്ന രണ്ട് പേർ പുകയില ചോദിച്ചു. തുടർന്ന് അവരിൽ ഒരാൾ മോദി സിന്ദാബാദ് വിളിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ ക്രൂരമായ മർദനമേൽക്കേണ്ടിവന്നു. തുടർന്ന് വണ്ടിയെടുത്ത് അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. അവർ കാറിൽ പിന്നാലെ വന്ന് ജമാൽപുരയ്ക്ക് സമീപം എന്റെ ഓട്ടോ തടഞ്ഞു. വണ്ടിയിൽ നിന്ന് ബലമായി ഇറക്കി മോദി സിന്ദാബാദ്, ജയ്ശ്രീറാം ഉരുവിടാൻ നിർബന്ധിച്ച് വീണ്ടും അടിച്ചു. എന്റെ രണ്ട് പല്ല് പൊട്ടിപ്പോയി. വടി കൊണ്ടാണ് അടിച്ചത്. ഇടത് കണ്ണിനും കവിളിനും തലയ്ക്കും പരിക്കേറ്റു. എന്നെ പാകിസ്താനിലേക്ക് അയച്ച ശേഷമേ അവർക്ക് വിശ്രമമൂള്ളൂവെന്ന് പറഞ്ഞു.
തന്നെ ആക്രമിച്ചവർ കയ്യിലുണ്ടായിരുന്ന 700 രൂപയും വാച്ചും പിടിച്ചുവാങ്ങിയെന്നും ​ഗഫാർ അഹമ്മദ് പറയുന്നു. ശംഭുദയാൽ, രാജേന്ദ്ര എന്നീ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗഫാർ അഹമ്മദ് ആശുപത്രിയിൽ ചികിത്സയിലാണ്.

Social Share Buttons and Icons powered by Ultimatelysocial