വിമാനാപകടത്തിൽ മരിച്ചവരില്‍ രണ്ടുപേര്‍ക്ക് കോവിഡ്; രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരെല്ലാം ക്വാറന്റൈനില്‍ പോകേണ്ടിവരും

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനാപകട സ്ഥലം സന്ദര്‍ശിക്കാനായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ കരിപ്പൂരിലേക്ക് തിരിച്ചു. നേരത്തെ തന്നെ വ്യോമയാന മന്ത്രാലയം വിമാനാപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ സംഘം കരിപ്പൂരിലെത്തിയിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ കരിപ്പൂരിലെത്തിയിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചത് 19 പേരാണ്. മരിച്ചവരില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതുകൊണ്ടുതന്നെ മരിച്ചവരുടെ മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കും സംസ്്കരിക്കുക. അതുപോലെ തന്നെ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരെല്ലാം ക്വാറന്റൈനില്‍ പോകേണ്ടിവരും.
കോഴിക്കോട് ജില്ലയിലെ ആശുപത്രികളില്‍ മരിച്ചത് 13 പേരാണ്. മലപ്പുറത്തെ ആശുപത്രികളില്‍ 6 പേര്‍ മരിച്ചു. കോഴിക്കോട് ആശുപത്രികളില്‍ മരിച്ചവരുടെ പേര് വിവരങ്ങള്‍ ഇങ്ങനെയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ചുപേരാണ് മരിച്ചത്.
സഹീര്‍ സയീദ് (38) തിരൂര്‍, മുഹമ്മദ് റിയാസ് (23), പാലക്കാട്, 45 വയസ് തോന്നിക്കുന്ന സ്ത്രീയും 55 വയസുള്ള മറ്റൊരു സ്ത്രീയും മരിച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒന്നര വയസുള്ള കുട്ടിയെയും തിരിച്ചറിഞ്ഞിട്ടില്ല. മിംസ് ആശുപത്രിയില്‍ മരിച്ചവര്‍ ദീപക്, അഖിലേഷ്, ഒരജ്ഞാതനും ഇവിടെ മരിച്ചിട്ടുണ്ട്. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫുദ്ദീന്‍, കോഴിക്കോട് സ്വദേശിയുമായ രാജീവനുമാണ് മരിച്ചത്.

Social Share Buttons and Icons powered by Ultimatelysocial