വീടിന്റെ മുറ്റം നന്നാക്കുന്നതിനിടെ മഹാശിലായുഗത്തിലെ ശേഷിപ്പുകൾ കണ്ടെത്തി
മലപ്പുറം: പാണ്ടിക്കാട് കൊടശ്ശേരിയിൽ വീടിന് മുറ്റം നിർമിക്കുന്നതിനിടെ
ചരിത്രശേഷിപ്പുകൾ കണ്ടെത്തി. കൊടശ്ശേരി മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്തെ പള്ളിക്കര പുത്തൻവീട്ടിൽ ജയരാജന്റെ വീട്ടുമുറ്റം നന്നാക്കുന്നതിനിടെയാണ് മഹാശിലായുഗത്തിലെ ശേഷിപ്പുകൾ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് മണ്ണുമാന്തിയുടെ സഹായത്തോടെ വീട്ടുമുറ്റത്തെ മണ്ണ് എടുക്കുന്നതിനിടെയാണ് ഗുഹക്ക് സമാനമായ അറ കാണുകയായിരുന്നു. കൂടുതൽ മണ്ണ് നീക്കിയപ്പോൾ അഞ്ച് മൺകുടങ്ങളും ഇവ സ്ഥാപിച്ച ഒരു അച്ചും കാണപ്പെട്ടു. കുടത്തിനകത്ത് മറ്റു വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ല. ജയരാജന്റെ മകൻ രജിത്ത് വിവരമറിയിച്ചതിനെ തുടർന്ന് കാലിക്കറ്റ്സർവകലാശാല ചരിത്രവിഭാഗത്തിന്റെ നിർദേശമനുസരിച്ച് ഗവേഷകനായ പി.ടി. സന്തോഷ് കുമാർ ഞായറാഴ്ച വസ്തുക്കൾ പരിശോധിച്ചു. മഹാശിലായുഗ കാലത്തെ മരണാനന്തര ചടങ്ങുകളുടെ ശേഷിപ്പുകളാണ് ഇവയെന്ന് അദ്ദേഹം പറഞ്ഞു.