ബംഗളൂരു സംഘര്‍ഷം; എസ്.ഡി.പി.ഐ നേതാവ് അറസ്റ്റില്‍

ബാംഗ്ലൂർ: ബംഗളൂരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്.ഡി.പിഐ നേതാവ് മുസമ്മില്‍ പാഷ അറസ്റ്റിലായി. സംഘര്‍ഷത്തെ തുടര്‍ന്നുള്ള പോലീസ് വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 3 ആയി.
ആക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് മന്ത്രി സി.ടി രവി ആരോപിച്ചു. കൃത്യമായി ആസൂത്രണം ചെയ്താണ് നടപ്പാക്കിയത്. ശക്തമായ നടപടികൾ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
കോൺഗ്രസ്‌ എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധു നവീന്‍ മതവിദ്വേഷം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് നഗരത്തില്‍ സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രി 10 മണിയോടെയാണ് നഗരത്തില്‍ സംഘര്‍ഷം ആരംഭിച്ചത്. അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി എം.എല്‍.എയുടെ കാവല്‍ബൈരസാന്ദ്രയിലെ വീടിന് നേരെയാണ് ആദ്യം അക്രമമുണ്ടായത്. വീടിന് തീയിട്ട പ്രതിഷേധക്കാര്‍ വാഹനങ്ങളും തകര്‍ത്തു. പിന്നീട് പൊലീസ് ഇടപെടലുണ്ടായതോടെ സംഘം ഡി.ജെ ഹള്ളി പോലീസ് സ്റ്റേഷനിലേക്ക് എത്തി. ഇവിടെവച്ചാണ് സംഘര്‍ഷം കൂടുതല്‍ ശക്തമായത്. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ വെടിവെപ്പിലാണ് മൂന്ന് പേര്‍ മരിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് നവീന്‍ നല്‍കിയ ആദ്യ പ്രതികരണം. ആളുകള്‍ അക്രമത്തില്‍ നിന്ന് പിന്തിരിയണമെന്നും തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തി പറഞ്ഞു. ബംഗളൂരു നഗരത്തില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡി.ജെ ഹള്ളി, കെജി ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമപരമായ നടപടികള്‍ ഉണ്ടാകുമെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അറിയിച്ചു.

Social Share Buttons and Icons powered by Ultimatelysocial