പെരിയ കൊലപാതക കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി; സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹർജി തള്ളി

എറണാംകുളം: പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐക്ക് വിട്ട് കേരള ഹൈക്കോടതി ഉത്തരവിട്ടു. സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളി. കൃപേഷ്, ശരത്ത് ലാൽ എന്നിവരെ വധിച്ച കേസിൽ സി.പി.എമ്മാണ് പ്രതിസ്ഥാനത്ത്. സി.ബി.ഐയുടെ തുടരന്വേഷണത്തിന് ശേഷമേ കേസിൽ വിചാരണ നടപടികൾ തുടങ്ങാനാകൂ എന്നും കോടതി വ്യക്തമാക്കി. സി.ബി.ഐക്ക് വേണമെങ്കിൽ കുറ്റപത്രത്തിൽ കൂട്ടിച്ചേര്‍ക്കലുകൾ നടത്താം. ഒമ്പത് മാസവും ഒമ്പത് ദിവസവത്തിനും ശേഷമാണ് നിര്‍ണായക തീരുമാനം വരുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പെരിയ കേസ് സി.ബി.ഐക്ക് കൈമാറിയ നടപടി ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലിലാണ് വിധി. കഴിഞ്ഞ നവംബർ 16ന് സർക്കാർ നൽകിയ അപ്പീലിൽ വാദം പൂർത്തിയായിരുന്നു. വിധി പറയാൻ വൈകുന്നതിനാൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി വാദം കേൾക്കണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നിർണ്ണായക തീരുമാനം. കേസിൽ വിധി വരുന്നത് വരെ തുടർ നടപടി വേണ്ടെന്ന് കോടതി സിബിഐയ്ക്ക് വാക്കാൽ നിർദ്ദേശം നൽകിയിരുന്നു. വാദം പൂർത്തിയായി ഒന്‍പത് മാസം കഴിഞ്ഞിട്ടും വിധി പറയാത്തത് അന്വേഷണത്തെ തട്സപ്പെടുത്തിയെന്ന് സി.ബി.ഐ അറിയിച്ചിരുന്നു.
വിധി പ്രസ്താവം വൈകുന്ന സാഹചര്യം മുതലാക്കി കേസിലെ പ്രധാന പ്രതികളെല്ലാം ജാമ്യ ഹർജിക്കായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Social Share Buttons and Icons powered by Ultimatelysocial