ചരിത്രത്തിലെ അപൂര്‍വനേട്ടത്തിലാണ് ഉമ്മന്‍ചാണ്ടി


നിയമനിര്‍മാണ സഭകളുടെ ചരിത്രത്തിലെ അപൂര്‍വനേട്ടത്തിലാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 1970ല്‍ തുടങ്ങിയ നിയമസഭ ജീവിതത്തിന്‍റെ അമ്പതാംവാര്‍ഷികം ആഘോഷിക്കുകയാണ് നാടെങ്ങും. തോല്‍വി എന്തെന്നറിയാതെ തുടര്‍ച്ചായി 11 തവണ വിജയിച്ച ഉമ്മന്‍ചാണ്ടി ജനകീയ നേതാവ് എന്ന വിശേഷണത്തിന് അര്‍ഹനാണ്.
1943 ഒക്ടോബര്‍ 31ന് പുതുപ്പള്ളിയില്‍ കരോട്ട് വള്ളക്കാവില്‍ കെ.ഒ ചാണ്ടി – ബേബി ചാണ്ടി ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനിച്ച ഉമ്മന്‍ചാണ്ടി വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് സംസ്ഥാന രാഷട്രീയത്തിലേക്ക് കടന്ന് വരുന്നത്. ഇരുപത്തിയേഴാം വയസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ഉമ്മൻ ചാണ്ടി ആദ്യമായി നിയമസഭയിലേക്ക് മൽസരിക്കുന്നത്. ഇടത് എം.എല്‍.എ ഇ.എം.ജോർജിനെ 7233 വോട്ടിന് പരാജയപ്പെടുത്തിയതോടെ പുതുപ്പള്ളിയിലും കേരള രാഷ്ട്രീയത്തിലും പുതിയ രാഷ്ട്രീയചരിത്രമാണ് എഴുതപ്പെട്ടത് .1970ന് ശേഷം ഇതുവരെ നടന്ന 11 തെരഞ്ഞെടുപ്പുകളിലും ഉമ്മന്‍ചാണ്ടി തന്നെയായിരിന്നു പുതുപ്പള്ളിയുടെ സാരഥി. ഒരു മണ്ഡലത്തില്‍ ഏറ്റവുമധികം തവണ ജയിച്ചയാളെന്ന റെക്കോര്‍ഡില്‍ കെ.എം മാണി മാത്രമാണ് ഉമ്മന്‍ചാണ്ടിക്ക് മുന്നിലുള്ളത്.
1977ല്‍ കരുണാകരന്‍ മന്ത്രിസഭയിലാണ് ഉമ്മന്‍ചാണ്ടി ആദ്യമായി മന്ത്രിയാകുന്നത്. പിന്നീട് പല മന്ത്രിസഭകളില്‍ ആഭ്യന്തര, ധനകാര്യവകുപ്പുകള്‍ കൈകാര്യം ചെയ്തു. 2004ല്‍ ആന്‍റണി രാജിവെച്ചതിന് പിന്നാലെ മുഖ്യമന്ത്രിയായി. 2006 മുതല്‍ 11 വരെ പ്രതിപക്ഷനേതാവ്. 2011-16 കാലത്ത് വീണ്ടും മുഖ്യമന്ത്രി. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിനായി ഉമ്മന്‍ ചാണ്ടി സജീവമായി രംഗത്തുണ്ട്. തമ്പാന്‍ പുനുചേരില്‍, 1970ല്‍ ഉമ്മന്‍ചാണ്ടിക്കായി വോട്ടുപിടിച്ചയാള്‍ അങ്ങനെ, കേരള കോണ്‍ഗ്രസിന് വളക്കൂറുള്ള കോട്ടയത്തെ മണ്ണില്‍ നിന്ന് സ്വയം വെട്ടിയ വഴിയിലൂടെ നിയമസഭയിലേക്ക്. തൊഴില്‍ മന്ത്രിയും ആഭ്യന്തര മന്ത്രിയും ധനമന്ത്രിയും പിന്നെ മുഖ്യമന്ത്രിയുമായി. കണക്കുകൂട്ടലുകള്‍ക്കും അളവുകോലുകള്‍ക്കും പിടിതരുന്നയാളല്ല ഉമ്മന്‍ചാണ്ടി. കൊച്ചി മെട്രോയും വിഴിഞ്ഞം തുറമുഖവും പോലെയുള്ള വന്‍പദ്ധതികള്‍ ഉമ്മന്‍ ചാണ്ടിയുടെ നേട്ടം എന്നു പറയുമ്പോള്‍ അദ്ദേഹം തിരുത്തും– തൊഴിലില്ലായ്മ വേതനം ഏര്‍പ്പെടുത്തിയതും സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റേഷനും ഹീമോഫീലിയ രോഗികള്‍ക്കുള്ള സൗജന്യ ചികില്‍സയുമൊക്കെയാണ് തന്റെ നേട്ടങ്ങള്‍. ജനങ്ങളുടെ പരാതിതീര്‍ക്കാന്‍ മണിക്കൂറുകള്‍ ഒറ്റയിരുപ്പ് ഇരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കരുത്തായത് സ്വതവേയുള്ള സഹാനുഭൂതിയാണെന്ന് കൂടെയുള്ളവര്‍ പറയും. ഭരണത്തിലായാലും പ്രതിപക്ഷത്തായാലും ചുറ്റും ആള്‍ക്കൂട്ടമില്ലെങ്കില്‍ കരയില്‍ പിടിച്ചിട്ട മീനാകും ഉമ്മന്‍ചാണ്ടി, അത് കുടുംബത്തിനും അറിയാമെന്നതിനാല്‍ പരാതികളില്ല. കീറിയവസ്ത്രമേ ധരിക്കൂ, കുളിമുറിയില്‍ വരെ പരാതിയുമായി ആള്‍ക്കാരെത്തും ഇങ്ങനെ കഥകള്‍ അനവധി. പാര്‍ട്ടിയല്ല, ഗ്രൂപ്പാണ് ഉമ്മന്‍ ചാണ്ടിക്കുമുഖ്യമെന്ന് വിമര്‍ശിക്കുന്നവരോട് ഗ്രൂപ്പല്ല, പാര്‍ട്ടിയാണ് തനിക്ക് ഒന്നാമതെന്ന് തിരിച്ചുപറയും. കെ.കരുണാകരനെ പോലും അമ്പരപ്പിച്ച കരുനീക്കങ്ങളിലൂടെ രാഷ്ട്രീയ കളങ്ങളില്‍ ഉമ്മന്‍ചാണ്ടി മുന്നേറി. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ മുന്നണിയിലെ ഘടകക്ഷികള്‍ പാര്‍ട്ടിയിലെ ഉമ്മന്‍ചാണ്ടിക്ക് കരുത്താകുന്നതും രാഷ്ട്രീയകേരളം കണ്ടു. നിയമസഭയില്‍ പ്രതിപക്ഷനിരയില്‍ നിന്ന് ഉമ്മന്‍ചാണ്ടി എഴുനേല്‍ക്കുമ്പോള്‍ ഭരണപക്ഷം ജാഗരൂകരായി. പ്രായോഗിക രാഷ്ട്രീയത്തിന്റെ ചുഴികളും മലരികളും അത്രമേല്‍ തിട്ടമുണ്ടായിരുന്നതിനാലാണ് കേവലം രണ്ടംഗങ്ങളുടെ ഭൂരിപക്ഷമുണ്ടായിരുന്ന സര്‍ക്കാരിനെ ഉമ്മന്‍ചാണ്ടി അഞ്ചുവര്‍ഷവും കൊണ്ടുപോയത്. സംഘടനയില്‍ പ്രവര്‍ത്തകസമിതിയംഗം വരെ ആയി. എന്നാല്‍ പുതുപ്പള്ളി മുതല്‍ പുതുപ്പള്ളി വരെയാണ് ഉമ്മന്‍ചാണ്ടിയുടെ ജീവിതം. അതുകൊണ്ടാണ് തിരുവനന്തപുരത്ത് വീടുവാങ്ങിയപ്പോള്‍ പുതുപ്പള്ളി ഹൗസെന്ന് പേരിട്ടത്. അമ്പതാണ്ടിനിടയ്ക്ക് പുതുപ്പള്ളിക്ക് ഉമ്മന്‍ ചാണ്ടിയോടോ ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിക്കാരോടോ പരിഭവിക്കേണ്ട ഒരവസരവുമുണ്ടായിട്ടില്ല എന്നതാണ് വാസ്തവം.

Social Share Buttons and Icons powered by Ultimatelysocial