ഹൃദയാഘാതത്തെത്തുടര്‍ന്ന് സീരിയൽ നടൻ മരിച്ചു

സീരിയല്‍ നടന്‍ ശബരീനാഥ് വിടപറഞ്ഞു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് വൈകീട്ടോടെയാണ് ശബരീനാഥിന്റെ (43) മരണം.
നിലവിളക്കിലെ ആദിത്യനെയും അമലയിലെ ദേവനെയും സ്വാമി അയ്യപ്പനിലെ വാവരെയും മലയാളി പ്രേക്ഷകര്‍ മറന്നിരിക്കില്ല. തീര്‍ത്തും അപ്രതീക്ഷിതമായാണ് ശബരീനാഥ് സീരിയല്‍ രംഗത്തേക്കെത്തുന്നത്. മിന്നുകെട്ട് സീരിയലിന്റെ ലൊക്കേഷനില്‍ ചിത്രീകരണം കാണാനെത്തിയ ശബരീനാഥ് ഒരു അഭിനേതാവിന്റെ അസാന്നിദ്ധ്യത്തില്‍ പകരക്കാരനാകുകയായിരുന്നു. മിന്നുകെട്ടില്‍ തുടങ്ങി, നിലവിളക്ക്, അമല, പ്രണയം, സ്വാമി അയ്യപ്പന്‍, പാടാത്തപൈങ്കിളി തുടങ്ങി സീരിയലുകളില്‍ അഭിനയിച്ചു. അഭിനയത്തിന്റെ ഇടവേളകളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്രപോകാന്‍ ഇഷ്ടപ്പെട്ടിരുന്ന ശബരീനാഥിന്റെ പ്രിയപ്പെട്ട സ്ഥലങ്ങളും കടലുകളും കായലുകളുമായിരുന്നു. അഭിനയമല്ലായിരുന്നെങ്കില്‍ താനൊരു കംപ്യൂട്ടര്‍ എക്‌സ്‌പേര്‍ട്ട് ആകുമായിരുന്നെന്ന് ഒരു അഭിമുഖത്തില്‍ ശബരീനാഥ് പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ ഒരു ഡേറ്റ എന്‍ട്രി സ്ഥാപനത്തിലാണ് സീരിയലിലെ്ത്തുമുമ്പ് അദ്ദേഹം ജോലി ചെയ്തിരുന്നത്. ബാറ്റ്മിന്റണും കളിക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ശബരീനാഥ് സ്റ്റേറ്റ് ലെവല്‍ മത്സരങ്ങളിലും പങ്കെടുത്തിരുന്നു. മാഹാത്മാഗാന്ധി കോളേജിലാണ് അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പ്രണയിച്ച് വിവാഹം കഴിച്ച ശബരീനാഥിന് രണ്ട് മക്കളാണ്. സ്വാമി അയ്യപ്പനിലൂടെ വാവരായി എത്തിയ കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന അദ്ദേഹം ആരാധകരെ ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായി തന്നെയാണ് ജീവിതത്തില്‍ നിന്നും വിടവാങ്ങിയത്.

Social Share Buttons and Icons powered by Ultimatelysocial