എന്താണു ക്യാന്‍സര്‍..? ക്യാന്‍സര്‍ വരാതിരിക്കാൻ എന്തെല്ലാം ചെയ്യാം

-ആദ്യമായി എന്താണു ക്യാന്‍സര്‍ എന്ന് നോക്കാം..

കോശങ്ങള്‍ കൊണ്ടാണു ജീവനുള്ള വസ്തുക്കളും നിര്‍മിച്ചിരിക്കുന്നത്. കോശങ്ങളുടെ വളര്‍ച്ച വിഭജനം പെരുക്കം എന്നിവ നിയന്ത്രിക്കുന്നതു കോശങ്ങളിലെ ജീനുകള്‍ ആണ്. ഈ ജീനുകളിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ അഥവാ മ്യൂട്ടേഷന്‍ മൂലം കോശങ്ങള്‍ അനിയന്ത്രിതമായി പെരുകുകയും ആ കോശസമൂഹം ഉള്‍പ്പെട്ട അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുകയും ചെയ്യുന്നു എവിടെയാണോ ക്രമാതീതമായ ഈ വളര്‍ച്ചയുണ്ടാകുന്നത് അതാണു കാന്‍സര്‍ എന്നറിയപ്പെടുന്നത്. ഏകദേശം 200 ല്‍ പരം കാന്‍സറുകള്‍ ഇന്നു കണ്ടെത്തിയിട്ടുണ്ട്. ഓരോ കാന്‍സറിനുമുള്ള കാരണം ജനിതക രാസിക പ്രത്യേകതകള്‍, വളര്‍ച്ചാനിരക്ക് ചികിത്സയോടുള്ള പ്രതികരണം എന്നിവ വ്യത്യാസപ്പെട്ടിരിക്കുന്നു.

-ക്യാന്‍സര്‍ വരാതെ എങ്ങനെ നോക്കാം..!

ഏതാണ്ട് 80 ശതമാനം കാന്‍സറിന്റെയും കാരണങ്ങള്‍ നമുക്കറിയാം. അതുകൊണ്ടുതന്നെ അവയെ പ്രതിരോധിക്കാനായാല്‍ കാന്‍സറുകളില്‍ ഭൂരിഭാഗവും വരാതെ നോക്കാന്‍ നമുക്കാവും. പുകയില, തെറ്റായ ഭക്ഷണക്രമം അമിതവണ്ണം, വ്യായാമക്കുറവ്, ചിലതരം വൈറസ് ബാധകള്‍ തുടങ്ങിയ കാന്‍സര്‍ വര്‍ധിപ്പിക്കുന്ന പല സാഹചര്യങ്ങളെയും നമുക്കു നിസ്സാരമായി പ്രതിരോധിക്കാവുന്നതേയുള്ളൂ. ചുരുക്കിപറഞ്ഞാല്‍ ഇന്നു കാണുന്ന കാന്‍സര്‍ രോഗങ്ങളില്‍ മൂന്നിലൊന്നും ശരിയായ ആരോഗ്യ പരിപാലനം വഴി മാത്രം നമുക്ക് നിയന്ത്രിക്കാനാകും. രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതല്ലേ വരാതെ നോക്കുന്നത്.

-കാന്‍സര്‍ പ്രതിരോധത്തിനു നമുക്ക് പ്രാവര്‍ത്തികമാക്കാവുന്ന ഇരുപത്തി അഞ്ചു അറിവുകളാണ് ഇവിടെ പറയുന്നത്…

1) നിത്യേന വ്യായാമം ചെയ്യുക

പല കാന്‍സറുകളും തടയാന്‍ ഫലപ്രദമായ മാര്‍ഗം കൂടിയാണ്
നിത്യേന വ്യായാമം ചെയ്യുക എന്നുള്ളത്. വ്യായാമത്തിലൂടെ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതു തടയുക വഴി സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍, വന്‍കുടല്‍ കാന്‍സര്‍ എന്നിവയൊക്കെ ഒരു പരിധിവരെ തടയാം. നിത്യേന അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. ആഴ്ചയില്‍ എല്ലാ ദിവസവും ചെയ്യാന്‍ കഴിയാത്തവര്‍ അഞ്ചു ദിവസമെങ്കിലും മുടങ്ങാതെ ചെയ്യണം. വേഗത്തിലുള്ള നടത്തം, എയ്റോബിക്സ്, നൃത്തം, ജോഗിങ്ങ്, സൂര്യനമസ്കാരം, യോഗ, വീട്ടില്‍ വച്ചു ചെയ്യാവുന്ന മറ്റ് വ്യായാമങ്ങള്‍ എന്നിവയൊക്കെ ആവാം.

2) നിറമുള്ള പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്

വിവിധ വര്‍ണങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഇലക്കറികളും മാറി മാറി ഉപയോഗിക്കുന്നതു ശീലമാക്കുക. ഇതുവഴി വിവിധ സൂക്ഷ്മപോഷകങ്ങള്‍ ശരീരത്തിനു ലഭിക്കും. പച്ചക്കറികളില്‍ നാരുകള്‍ ധാരാളമുള്ളതിനാല്‍ അതു കാന്‍സര്‍ പ്രതിരോധത്തിനുതകും. മാങ്ങ, ചക്കപ്പഴം, നെല്ലിക്ക, പപ്പായ, വാഴപ്പഴം, സപ്പോട്ട, കൈതച്ചക്ക, പേരയ്ക്ക തുടങ്ങി നമ്മുടെ നാട്ടില്‍ സുലഭമായ പഴങ്ങള്‍ ഉപയോഗിച്ചാല്‍ അതു കടുംബബജറ്റിനെ കാര്യമായി ബാധിക്കുകയുമില്ല. തക്കാളി , കാരറ്റ്, മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക, കോവയ്ക്ക, ചീര ,മുരിങ്ങയില തുടങ്ങി വിവിധയിനങ്ങളിലുള്ള ഇലക്കറികളും പച്ചക്കറികളും ആകെയുള്ള ഭക്ഷണത്തിന്റെ പകുതിയെങ്കിലും ഉണ്ടാവണം. അതായത് ദിവസവും 500 മുതല്‍ 800 ഗ്രാം വരെ പഴങ്ങളും പച്ചക്കറികളും കഴിക്കണം.

3) പൊണ്ണത്തടി ഒഴിവാക്കാം

ശരീരത്തിന് അമിതമായി തൂക്കം കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടി നില്‍ക്കുന്നത് കാന്‍സര്‍ സാധ്യത കൂട്ടുന്നു.

4) ഉച്ചവെയിൽ കൊള്ളരുത്

അള്‍ട്രാവയലറ്റ് രശ്മികള്‍ അമിതമായി ശരീരത്തില്‍ പതിക്കുന്നതാണു ത്വക്ക് കാന്‍സറിനു കാരണം.

5) ദിവസം 20 മിനിറ്റ് ധ്യാനം നല്ലതാണ്

ശരീരത്തിനെയും മനസ്സിനെയും സന്തുലനരേഖയില്‍ കൊണ്ടുവരാനുള്ള ഏറ്റവും നല്ല ഉപാധിയാണു ധ്യാനം. കാന്‍സര്‍ ഒരു സൈക്കോസൊമാറ്റിക് (മനോ ശരീരജന്യ) രോഗമായി കൂടി പലപ്പോഴും വിലയിരുത്തപ്പെടുന്നതിനാല്‍ ധ്യാനം തീര്‍ച്ചയായും ഗുണകരമാണ്.

6) പരിസ്ഥിതിയെ ഒരിക്കലും മലിനമാക്കരുത്

ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, കഴിക്കുന്ന ഭക്ഷണം എന്നിവ ശുദ്ധമാകണമെങ്കില്‍ പരിസ്ഥിതി മലിനമാകാതെ സൂക്ഷിക്കണം.

7) പാന്‍മസാലയോട് ബൈ പറയു

പുകയിലയും പാക്കും ആസക്തിയുണ്ടാക്കുന്ന രാസവസ്തുക്കളും ചേര്‍ത്തു പാക്കറ്റിലാക്കുന്ന പാന്‍ ഇല്ലാത്ത ലഹരിമസാലയാണ് പാന്‍മസാല. ആദ്യഘട്ടത്തില്‍ സബ്മ്യൂക്കസ് ഫൈബ്രോസിസ് എന്ന പേരിലുള്ള പേശീചലനരാഹിത്യം ഉണ്ടാവുകയും ക്രമേണ അതു കാന്‍സറായി പരിണമിക്കുകയും ചെയ്യും.

8) പുകവലി ഒഴിവാക്കുക

കാന്‍സറിന്റെ പ്രധാന കാരണങ്ങളിലൊന്നായി അരനൂറ്റാണ്ടുമുമ്പേ തന്നെ കണ്ടുപിടിക്കപ്പെട്ട വില്ലനാണു പുവലി. ശ്വാസകോശം, വായ, തൊണ്ട, അന്നനാളം, ശൌബ്ദപേടകം, മൂത്രാശയം, വൃക്ക, പാന്‍ക്രിയാസ് എന്നീ അവയവങ്ങളിലെ കാന്‍സറുകളില്‍ പുകയില പ്രധാന ഹേതുവാണ്. ഒരറ്റത്തു തീയും മറ്റേയറ്റത്ത് ഒരു വിഡ്ഢിയുമെന്നാണ് പുകവലിക്കാരെക്കുറിച്ചു ഒരു മഹാന്‍ പറഞ്ഞത്. യാതൊരു ഗുണവുമില്ലാത്ത ഈ ദുശീലം ഉപേക്ഷിക്കുന്നതോടെ കാന്‍സറിനുള്ള സാധ്യതയും കുറയുന്നു. ഇതുവരെ പുകവലി ശീലമില്ലാത്തവര്‍ അതൊരിക്കലും തുടങ്ങാതിരിക്കുക പുകവലി ശീലമുള്ളവര്‍ ഇന്നുതന്നെ ഉപേക്ഷിക്കുക. 191 ല്‍ ബ്രീട്ടിഷ് മെഡിക്കല്‍ ജേണലിലാണു പുകവലിക്കാരോടൊപ്പം സഹവസിക്കുന്ന പുകവലിക്കാരല്ലാത്ത സ്ത്രീകളില്‍ ശ്വാസകോശ കാന്‍സര്‍ കാണുന്നു എന്ന റിപ്പോര്‍ട്ട് ആദ്യമായി പ്രസിദ്ധീകരിച്ചത്.

9) മദ്യപാനം നന്നല്ല

മദ്യം അമിതമായി കഴിക്കുന്നവരില്‍ ശ്വാസകോശാര്‍ബുദം, ശബ്ദപേടകാര്‍ബുദം, അന്നനാളകാന്‍സര്‍, കരള്‍ കാന്‍സര്‍ എന്നിവ കൂടുതലായി കാണുന്നു. മദ്യത്തോടൊപ്പം പുകവലിശീലം കൂടിയുണ്ടെങ്കില്‍ അപകടസാധ്യത പിന്നെയും കൂടുന്നു. വെള്ളത്തില്‍ ലയിക്കാത്ത ചില പുകയില രാസികങ്ങള്‍ മദ്യത്തില്‍ ലയിക്കുകയും പെട്ടെന്ന് ആഗിരണം ചെയ്യുന്നതുമാണ് കാരണം.

10) വായ സ്വയം പരിശോധിക്കുക

ഇടയ്ക്കൊക്കെ നല്ല വെളിച്ചമുള്ള സ്ഥലത്തുവച്ചു കണ്ണാടിയിലൂടെ സ്വന്തം വായ നിരീക്ഷിക്കുന്നത് കാന്‍സര്‍ പ്രതിരോധത്തിനുള്ള ഒരു സുപ്രധാന ചുവടുവെയ്പാണ്.

11) എണ്ണയില്‍ വറുത്തവ മാക്സിമം ഒഴിവാക്കുക

ആഹാരത്തിലൂടെ അകത്തുചെല്ലുന്ന കൊഴുപ്പ് എത്ര കുറഞ്ഞിരിക്കുന്നുവോ അത്രയും നന്ന്.

12) ഫാസ്റ്റ് ഫുഡ് ഒഴിവാക്കാം നോക്കാം

കേരളത്തെ കീഴടക്കിക്കഴിഞ്ഞ ഭക്ഷണമായ പൊറോട്ടയില്‍ നിന്നു ചപ്പാത്തിയിലേക്കു പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാരുകള്‍ ഒട്ടുമില്ലാത്ത മൈദയും അമിതമായ അളവില്‍ എണ്ണയും ചേര്‍ത്തുണ്ടാക്കുന്ന പൊറോട്ട രുചികരമാണെങ്കിലും പോഷകസമൃദ്ധമല്ല. തന്നെയുമല്ല അതു ദഹിക്കാനും പ്രയാസമാണ്. ഇതോടൊപ്പം ഉന്നത ഊഷ്മാവില്‍ ആവര്‍ത്തിച്ചു തിളപ്പിച്ച എണ്ണയില്‍ അജിനോമോട്ടോയും വര്‍ണവസ്തുക്കളുമൊക്കെ പുരട്ടി പൊരിച്ചെടുക്കുന്ന കോഴിയും കൂടിയുണ്ടെങ്കില്‍ സംഗതി കുശാലാകുമെങ്കിലും അത് ആരോഗ്യകരമായ ഒരു ഭക്ഷണശീലമല്ല.

13) പൂപ്പല്‍ ബാധിച്ച ഭക്ഷണം യാതൊരു കാരണവശാലും കഴിക്കരുത്

അച്ചാറില്‍ പൂപ്പല്‍ കണ്ടാല്‍ ഒന്നിളക്കിയെടുത്തു വിളമ്പിയാണ് നമ്മുടെ കണ്ണില്‍ ചില ഹോട്ടലുകള്‍ പൊടിയിടുന്നത്. പൂപ്പലില്‍ നിന്നുള്ള അഫ്ളാടോക്സിന്‍ എന്ന വിഷവസ്തു കരള്‍ കാന്‍സറിനും കാരണമാണ്.

14) ഉപ്പിലിട്ടവ കഴിക്കുന്ന പ്രവണത പരമാവധി കുറക്കാം

ഒരു സ്പൂണ്‍ അഞ്ചിടങ്ങഴി ചോറുഅച്ചാറുണ്ടെങ്കില്‍ കഴിക്കുന്നവര്‍ കാണും. എരിവും പുളിയും ഉപ്പും എണ്ണയും മസാലയും ചേര്‍ന്ന ഈ രുചിക്കൂട്ട് ഉപ്പിന്റെ സമുദ്രമാണ്. അച്ചാറുകള്‍ കൂടുതലായി ഉപയോഗിക്കുന്ന ജനസമൂഹങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ നിന്ന് ഇത് ആമാശയം, കുടല്‍ എന്നിവിടങ്ങളിലെ കാന്‍സര്‍സാധ്യത വര്‍ധിപ്പിക്കുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്.

15) അണുബാധകളില്‍ നിന്ന് അകന്നു നിൽക്കാം

ഹെപ്പറ്റൈറ്റിസ് വൈറസ് കരള്‍ കാന്‍സറിനും ഹ്യൂമന്‍ പാപ്പിലോമ വൈറസ് ഗര്‍ഭാശയഗളകാന്‍സറിനും കാരണമാകുന്നു എന്നു തെളിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള അണുബാധകള്‍ ഉണ്ടാകാതെ സൂക്ഷിച്ചാല്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന അര്‍ബൂദം ഒഴിവാക്കാം.

16) ഹോര്‍മോണ്‍ സന്തുലനം തകിടം മറിക്കരുത്

സ്ത്രീപുരുഷന്മാര്‍ ആവശ്യത്തിനും അനാവശ്യത്തിനും ഹോര്‍മോണ്‍ ചികിത്സനടത്തി താല്‍ക്കാലിക സൌഖ്യം നേടുന്നതു പതിവായിരിക്കുന്നു. ആര്‍ത്തവം മാറ്റിവയ്ക്കാന്‍ ഇടയ്ക്കിടെ ഹോര്‍മോണ്‍ ഗുളിക കഴിക്കുന്ന സ്ത്രീകളും മസ്സില്‍ പെരുപ്പിക്കാന്‍ ഹോര്‍മോണ്‍ ഉപയോഗിക്കുന്ന പുരുഷന്മാരും ഉണ്ട്. അമിതമായും അനവസരത്തിലും ഹോര്‍മോണ്‍ ഉപയോഗിക്കുന്നതുമൂലം സ്വാഭാവികമായ ഹോര്‍മോണ്‍ സന്തുലനം തകരാറിലാവുന്നു.

17) പെയ്ന്റും ആസ്ബെസ്റ്റോസും

തൊഴിലിടങ്ങളിലെ അപകടകാരികളായ രാസവസ്തുക്കളുമായി സമ്പര്‍ക്കമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഗ്യാസോലിന്‍, ബെറിലിയം, വിനൈല്‍ ക്ളോറൈഡ്, നിക്കല്‍ ക്രോമേറ്റ് , ആഴ്സനിക്, ആസ്ബെസ്റ്റോസ് തുടങ്ങിയവയൊക്കെ അര്‍ബുദകാരികളുടെ കൂട്ടത്തില്‍പ്പെട്ടതാണ്. തൊഴിലിടങ്ങളില്‍ ഈ വസ്തുക്കളില്‍ നിന്നു സുരക്ഷ ലഭിക്കുന്നതിനാവശ്യമായ മുന്‍കരുതല്‍ എടുക്കണം.
മൊബൈല്‍ ഫോണ്‍ അത്യാവശ്യത്തിനു മാത്രം

18) മൊബൈല്‍ ഫോണ്‍ അമിതമാക്കരുത്

മൊബൈല്‍ ഫോണിന്റെ ഉപയോഗം കുട്ടികളില്‍ പരമാവധി കുറയ്ക്കണം. നീണ്ടു നില്‍ക്കുന്ന കോളുകള്‍ക്ക് ഹെഡ്സൈറ്റ് അടക്കമുള്ള ഹാന്‍ഡ്സ്ഫ്രീ സൌകര്യങ്ങള്‍ ഉപയോഗിക്കുന്നത് റേഡിയേഷന്‍ കുറയ്ക്കും. എന്തായാലും ഇക്കാര്യത്തില്‍ കൂടുതല്‍ വിപുലമായ പഠനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ സംശയ്ത്തിന്റെ ആനുകൂല്യം നല്‍കി നമുക്കു സെല്‍ഫോണ്‍ ഉപയോഗത്തിന്റെ തോതു കുറയ്ക്കാം. മണിക്കൂറുകളോളം നീണ്ടുപോകുന്ന ദീര്‍ഘസംഭാഷണങ്ങള്‍ക്കായി സെല്‍ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

19) റേഡിയേഷന്‍ പരിശോധന

ഒരേ സമയം രക്ഷകനും ശിക്ഷകനുമാണ് റേഡിയേഷന്‍ അഥവാ അണുവികിരണം. കാന്‍സറിനു കാരണമായ റേഡിയേഷന്‍ തന്നെയാണു കാന്‍സര്‍ ചികിത്സിക്കാനും ഉപയോഗിക്കുന്നത്. അടുത്ത കാലത്തായി വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം സി. ടി. സ്കാന്‍ ഉള്‍പ്പെടെയുള്ള റേഡിയേഷന്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. സി.ടി. സ്കാന്‍, എക്സ്റേ എന്നിവ അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കുക.

20) മാമോഗ്രാം

ഇടയ്ക്കിടെ 40 വയസ്സു കഴിഞ്ഞ സ്ത്രീകള്‍ രണ്ടു വര്‍ഷത്തിലൊരിക്കലോ ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഇടവേളകളിലോ മാമോഗ്രാം ചെയ്യണം. സ്തനങ്ങളില്‍ കണ്ണുകൊണ്ടു കാണാനോ,സ്പര്‍ശിച്ചറിയാനോ സാധ്യമല്ലാത്ത അതിസൂക്ഷ്മമായ മുഴകള്‍ നേരത്തേ കണ്ടെത്താന്‍ മാമോഗ്രാം സഹായിക്കും.

21) പാപ്സ്മിയര്‍

മുപ്പതു വയസ്സുകഴിഞ്ഞ പ്രസവിച്ച സ്ത്രീകള്‍ രണ്ടുവര്‍ഷത്തിലൊരിക്കലോ ഡോക്ടര്‍ നിര്‍ദേശിക്കുന്ന സമയത്തോ പാപ്സ്മിയര്‍ പരിശോധനയ്ക്കു വിധേയരാകണം. ഗര്‍ഭാശയഗള കാന്‍സര്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ കണ്ടുപിടിക്കാന്‍ ഈ ലളിതമായ പരിശോധന സഹായിക്കും.

22) പുരുഷന്മാര്‍ക്കു പി.എസ്.എ
ടെസ്റ്റ്

മൂത്രതടസം, പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കത്തിന്റെ ഭാഗമായ മറ്റുബുദ്ധിമുട്ടുകള്‍ എന്നിവ അനുഭവപ്പെടുന്ന പുരുഷന്മാര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും പി. എസ്. എ ടെസ്റ്റ് ചെയ്യണം. പ്രോസ്റ്റേറ്റ് കാന്‍സര്‍ നേരത്തേ തന്നെ കണ്ടുപിടിക്കാന്‍ ഈ പരിശോധന സഹായിക്കും

Social Share Buttons and Icons powered by Ultimatelysocial