പരീക്ഷകള്‍ പുനരാരംഭിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല; കോവിഡ് ബാധിതര്‍ക്ക് വീണ്ടും അവസരം

തേഞ്ഞിപ്പലം: കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച കാലിക്കറ്റ് സര്‍വകലാശാല സെമസ്റ്റര്‍ പരീക്ഷകള്‍ വ്യാഴാഴ്ച പുനരാരംഭിക്കുന്നു. കോവിഡ് ബാധിതരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. എന്നാല്‍, ഇവര്‍ക്ക് വീണ്ടും അവസരമുണ്ടാവുമെന്ന് സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കി. സര്‍വകലാശാലയ്ക്ക് കീഴിലുള്ള 275 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലാണ് പരീക്ഷ നടക്കുന്നത്.
ഡിഗ്രിമുതല്‍ ബുരുദാനന്തര ബിരുദംവരെയുള്ള പരീക്ഷകള്‍ കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് നടത്തുന്നത്. റഗുലര്‍ വിദ്യാര്‍ഥികള്‍ക്കു പുറമേ വിദൂരവിദ്യാഭ്യാസ സ്ട്രീമില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പരീക്ഷ നടക്കുന്നുണ്ട്. കോവിഡ്‌വ്യാപന പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാര്‍ഥികളുടെ ഇടയില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു.
കോവിഡ് ബാധിതരെ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്ന നിര്‍ദേശം രോഗബാധിതരായ കുട്ടികളില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍, കോവിഡ് ബാധിച്ചവര്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു മാതൃഭൂമിയോട് പറഞ്ഞു. ഹോട്ട്‌സ്‌പോട്ട്, കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പ്രത്യേക സ്ഥലസൗകര്യമൊരുക്കണമെന്ന് കോളേജുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. പഠിക്കുന്ന കോളേജുകള്‍ക്കു പുറമേ വിദ്യാര്‍ഥികള്‍ക്ക് സൗകര്യമുള്ളിടത്ത് പരീക്ഷയെഴുതാന്‍ സൗകര്യത്തിനായി എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ അധികമായി അനുവദിച്ചിട്ടുണ്ട്.
പരീക്ഷ നടത്താനുള്ള തീരുമാനത്തെ കേരളാ അണ്‍ എയ്ഡഡ് കോളേജ് പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ സ്വാഗതം ചെയ്തു. ആരോഗ്യവകുപ്പിന്റെയും സര്‍വകലാശാലയുടെയും നിര്‍ദേശങ്ങളനുസരിച്ച് പരീക്ഷ നടത്തുമെന്ന് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. വര്‍ഗീസ് മാത്യു പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷകൾ നടത്തണോ?
Social Share Buttons and Icons powered by Ultimatelysocial