കൊവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് ഇന്നേക്ക് ഒരു വർഷം

കൊവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് ഇന്നേക്ക് ഒരു വർഷം
തികയുകയാണ്. ചൈനയിലെ ഹ്യൂബെ പ്രവിശ്യയിൽ 2019 നവംബർ 17 നാണ് ആദ്യത്തെ കൊവിഡ് കേസ് കണ്ടെത്തിയത്. ഒരു വർഷം തികയുമ്പോഴും ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള ശാസ്ത്രീയമായ പരിഹാരം കണ്ടെത്തിയിട്ടില്ല. അമേരിക്കയിൽനിന്നുള്ള മൊഡേണ വാക്സിൻ 94.5 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി രംഗത്തെത്തിയിട്ടണ്ട്. ലക്ഷങ്ങളുടെ ജീവൻ കവർന്ന രോഗാണു. മനുഷ്യ ജീവിതത്തെ മാറ്റിമറിച്ച മഹാമാരി. പോസീറ്റീവ് എന്ന വാക്കിനെ നെഗറ്റീവായ കണ്ട നാളുകൾ. ഭൂമി ഒരു തവണ സൂര്യനെ വലംവെച്ചുകഴിഞ്ഞിരിക്കുന്നു. 365 ദിനങ്ങൾ. ഒഴിയാതെ വളരുകയാണ് കൊറോണ വൈറസ്. സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ വർഷം നവംബർ 17ന് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടു. എന്നാൽ വൈറസ് പടരുന്ന സാഹചര്യം ചൈന ആദ്യം മറച്ചുവെച്ചു. അജ്ഞാത വൈറസ് മൂലമുളള രോഗബാധയെക്കുറിച്ച് ലോകാരോഗ്യസംഘടനയിൽ ചൈന റിപ്പോർട്ട് ചെയ്യുന്നത് ഡിസംബർ 31ന്. രോഗത്തിന് കോവിഡ് 19 എന്ന പേര് നൽകിയത് 2020 ഫെബ്രുവരി 11ന്. മുൻകരുതലുകളെ വെറുതെയാക്കി വൈറസ് ലോകം മുഴുവൻ പടർന്നു. മാർച്ച് 11ന് കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചു. ഇന്ത്യയിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത് ജനുവരി 30ന്. തൃശൂരിൽ, ചൈനയിൽ നിന്ന് എത്തിയ മെഡിക്കൽ വിദ്യാർത്ഥിക്ക്. അഞ്ചരക്കോടിയിലേറെ പേർക്ക് ഇതിനോടകം കോവിഡ് ബാധിച്ചു. 13 ലക്ഷത്തിലേറെ മരണം സ്ഥിരീകരിച്ചു. പ്രതിരോധ മരുന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. ഇന്നും ഫലപ്രദമായ ഒന്ന് ലഭ്യമല്ല. കോവിഡിന് ഒരു വയസാകുമ്പോൾ പ്രതീക്ഷ നൽകുന്ന ഒരു വാർത്ത വരുന്നത് അമേരിക്കയിൽ നിന്നാണ്. പ്രതിരോധ വാക്സിൻ 94.5 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് യു.എസ് ബയോടെക്നോളജി കമ്പനിയായ മൊഡേണ. വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തെകുറിച്ചുള്ള കമ്പനിയുടെ ഇടക്കാല റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

Social Share Buttons and Icons powered by Ultimatelysocial