സമ്മർദത്തിലായി യു.ഡി.എഫ്; ട്രോളുമായി സജീവമാണ് സൈബർ സഖാക്കൾ

കമറുദീന് പിന്നാലെ ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായതോടെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് കടുത്ത പ്രതിരോധത്തില്‍. അവസരം മുതലെടുത്ത് ട്രോളുമായി സൈബർ സഖാക്കളും രംഗത്തുണ്ട്. തട്ടിപ്പിലും അഴിമതിയിലും രണ്ട് എംഎൽഎമാർ പതിനൊന്ന് ദിവസത്തിനുള്ളിൽ അറസ്റ്റിലായത് പ്രതിപക്ഷ നിരയിലുണ്ടാക്കുന്നത് വലിയ അങ്കലാപ്പാണ്. രാഷ്ട്രീയ പ്രേരിത നീക്കം എന്നാരോപിച്ച് അറസ്റ്റിനെ നേരിടുകയാണ് പ്രതിപക്ഷം. അറസ്റ്റിന്‍റെ സമയവും പാലം പണിത കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താത്തതുമെല്ലാം ചേർത്താണ് യുഡിഎഫ് പ്രതിരോധം. സ്വയം വരുത്തിവെച്ച ശിക്ഷ എന്ന് പറയുമ്പോഴും ആക്രമണമാണ് മികച്ച പ്രതിരോധം എന്ന നിലയിലേക്ക് സിപിഎം മാറിയതിന്‍റെ രണ്ടാം സൂചനയാണ് ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ്. എന്നേ നടക്കേണ്ടിയിരുന്ന ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് നീണ്ടതിന് പിന്നിൽ ഒത്ത് തീർപ്പാണെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. സ്വർണ്ണക്കടത്തിലും ലൈഫിലും സർക്കാർ കുടുങ്ങിയതോടെ സമ്മർദ്ദം നേരിടാൻ അറസ്റ്റ് എന്ന നിലയിലേക്ക് രാഷ്ട്രീയ തീരുമാനം മാറിയതാണ് നിർണ്ണായകമായത്. കമറുദ്ദീന്‍റെ അറസ്റ്റിന് പിന്നാലെ കുടുതൽ അറസ്റ്റുണ്ടാകുമെന്ന് പട്ടിക നിരത്തിയ എ വിജയരാഘവൻ ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിനെ വിശേഷിപ്പിച്ചത് സ്വാഭാവിക നടപടിയെന്ന്.

ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിനെതിരെ
മുസ്‌ലിം യുത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിന്റെ ഫേസ്ബുക് പോസ്റ്റ്‌ വായിക്കാം;

പാലാരിവട്ടം പാലം: പിണറായി സർക്കാറിന്റെ രാഷ്ട്രീയ താൽപ്പര്യവും ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കാനുള്ള ദുഷ്ട ബുദ്ധിയും മനസ്സിലാക്കാൻ ജേക്കബ് കെ ഫിലിപ്പ് എഴുതിയത് വായിക്കൂ…
*
പാലം പൊളിച്ചോളൂ, പക്ഷേ അതിനു മുമ്പ്, അതിന് യഥാർഥത്തിൽ ബലം ഉണ്ടായിരുന്നോ എന്നു പരിശോധിച്ച് അറിയാൻ സമ്മതിക്കണം. പരിശോധനയുടെ ചെലവും ഞങ്ങൾ വഹിക്കാം.

അഴിമതിനടത്തി പാലം ബലഹീനമായി പണിതു എന്ന ആരോപണങ്ങളും വിജിലൻസ് അന്വേഷണവും നേരിടുന്നവരുടെ, അന്യായം എന്ന് ആർക്കും പറയാനാകാത്ത ഈ ലളിതമായ ആവശ്യം ഒരുതരത്തിലും സമ്മതിച്ചുകൊടുത്തുകൂടാ എന്ന സംസ്ഥാന സർക്കാരിന്റെ ദുരൂഹമായ പിടിവാശിയുടെ പരിസമാപ്തിയാണ്, ബലപരിശോധന നടത്തണം എന്ന 2019 നവംബർ 21 ന് ഉണ്ടായ കേരള ഹൈക്കോടതിയുടെ വിധി നടപ്പാക്കാതെ അതിനെതിരേ സുപ്രീംകോടതിയിൽ അപ്പിൽ പോയി പത്തുമാസത്തിനു ശേഷം, പരിശോധന വേണ്ടെന്ന വിധി സമ്പാദിച്ച് നടത്തുന്ന, പാലാരിവട്ടം മേൽപ്പാലം പൊളിക്കൽ.

പാലത്തിന്റെ ബലപരിശോധന ഒഴിവാക്കി കിട്ടുക എന്ന ഒറ്റ ആവശ്യം സാധിക്കാനായി, കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് ഗതാഗതക്കുരുക്കും നാട്ടുകാരുടെ ദുരിതവും പത്തുമാസം കൂടി നീട്ടിക്കൊണ്ടുപോയതെന്തിനായിരുന്നു എന്നതിനുള്ള വ്യക്തമായ ഉത്തരം ഇപ്പോഴുമില്ല.

പാലാരിവട്ടം മേൽപ്പാലത്തിന്റെ, ചാനലുകളുടെ ഭാഷയിൽ പറഞ്ഞാൽ, “പഞ്ചവടിപ്പാലത്തിന്റ”, അഴിമതിക്കഥയുടെ ആഘോഷം അവസാന രംഗത്തിലെത്തുമ്പോൾ, പൊതുജനം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇപ്പോഴും മാധ്യമങ്ങൾ വ്യക്തമാക്കാതെ ശേഷിക്കുന്നുണ്ട്.

  1. അറ്റകുറ്റപ്പണി നടത്തിയാൽ പാലം ശരിയാവില്ല. എന്നെ ഏൽപ്പിക്കൂ, പൊളിച്ചു പണിത് നൂറുകൊല്ലം ആയുസുള്ള പുത്തൻ പാലം തരാം എന്ന വാഗ്ദാനമല്ല, ഇ. ശ്രീധരന്റെ നേതൃത്വത്തിൽ നടപ്പിലാക്കാൻ പോകുന്നത്.

പാലം പൊളിച്ചു പണിയുന്നില്ല.

നന്നാക്കാവുന്നവ എന്ന് മദ്രാസ് ഐഐടിയും നന്നാക്കിയാലും നൂറുകൊല്ലം നിലനിൽക്കില്ല എന്ന് ഇ. ശ്രീധരനു പറയുന്ന, വിള്ളലുകൾ വീണ പാലത്തിന്റെ 97 ഗർഡറുകൾ എന്ന ബീമുകളും സ്ളാബുകളും ഇളക്കിമാറ്റി പുതിയത് വയ്ക്കുക മാത്രമാണ് പാലാരിവട്ടത്ത് നടക്കുക.
പാലം താങ്ങി നിർത്തുന്ന പിയറുകൾ എന്ന തൂണുകൾ ഒന്നു പോലും മാറ്റുന്നില്ല. അതുപോലെ തന്നെ പാലത്തിന്റെ അടിത്തറയും തൊടുന്നതേയില്ല.

(42 കോടി മുടക്കിപ്പണിത പാലം വെറും 17 കോടിരൂപ ചെലവാക്കി പൊളിച്ചു പണിയുന്നതെങ്ങിനെ എന്ന് സാമുഹ്യമാധ്യമങ്ങളിൽ ഒരുപാടുപേർ അത്ഭുതപ്പെട്ടതിന്റെ ഉത്തരം കൂടിയാണ് ഇത്).

  1. പാലാരിവട്ടം പാലത്തിനെന്താണ് സംഭവിച്ചതെന്നു കൃത്യമായും വിശദമായും പഠിച്ച ഏക ഏജൻസിയായ മദ്രാസ് ഐഐടി, ഈ സ്ലാബ്-പൊളിച്ചുമാറ്റൽ ചെയ്യണമെന്നും ഒരിക്കലും നിർദ്ദേശിച്ചിട്ടില്ല. മറിച്ച്, അവർ നിർദ്ദേശിച്ച അറ്റകുറ്റപ്പണി നടത്തിയാൽ, പാലം പഴയതുപോലെ ബലവത്താകും എന്ന് ആവർത്തിച്ചിട്ടേയുള്ളു, അവരുടെ അവസാന റിപ്പോർ്ട്ടിലും.
  2. പാലത്തിന്റെ ബലം പരിശോധിച്ച് ബലം ഉണ്ടെങ്കിൽ അറ്റകുറ്റപ്പണി നടത്താമെന്നല്ല ഐഐടി പറഞ്ഞിരുന്നതെന്ന് ശ്രദ്ധിക്കുക. അറ്റകുറ്റപ്പണിക്കായി ഏഴുകോടി രൂപ ധൈര്യമായി മുടക്കാമെന്നും, അതുകഴിഞ്ഞാൽ വണ്ടികളോടിക്കാമെന്നുമാണ് അവർ പറഞ്ഞത്. അത്രയും പണം മുടക്കിയ ശേഷം ബലം കിട്ടിയില്ലെങ്കിലോ എന്ന സംശയം റിപ്പോർട്ടിൽ ഒരിടത്തും പ്രകടിപ്പിച്ചിട്ടില്ല.
  3. പാലം വീക്ഷിക്കുയും തൊട്ടുനോക്കുകയും ചെയ്തതല്ലാതെ ഇ. ശ്രീധരൻ പാലത്തിൽ ഒരു പരീക്ഷണ നിരീക്ഷണങ്ങളും നടത്തിയിട്ടില്ല. അദ്ദേഹം ആശ്രയിച്ചതും ഐഐടിയുടെ മേൽപ്പറഞ്ഞ പഠന റിപ്പോർട്ടായിരുന്നു.
  4. ഐഐടി പറഞ്ഞതു പോലെ അറ്റകുറ്റപ്പണി നടത്തിയാൽ പാലം ശരിയാകില്ല എന്നായിരുന്നില്ല ശ്രീധരൻ പറഞ്ഞുകൊണ്ടിരുന്നത്.
    നന്നാക്കിയെടുക്കുന്ന പാലത്തിന് എത്ര ആയുസുണ്ടാകും എന്ന് ഐഐടി പ്രത്യേകിച്ചൊന്നും പറയാതിരുന്നപ്പോൾ, സ്ലാബുകൾ മാറ്റിവച്ചാൽ ആയുസ് നൂറെത്തുമെന്ന് ശ്രീധരൻ അവകാശപ്പെട്ടു എന്നു മാത്രം.

ഈ നൂറ് എന്ന സംഖ്യയിൽ എങ്ങിനെയാണ് എത്തിപ്പെട്ടത് എന്ന് അദ്ദേഹം ഇനിയും വ്യക്തമാക്കിയിട്ടില്ല എന്നത് ഇതിന് അനുബന്ധം.

പുത്തൻ കോൺക്രീറ്റ് നിർമിതകളുടെ ആയുസ് നൂറുകൊല്ലമാണ് എന്ന് സിവിൽ എൻജിനീയറിങ്ങിൽ പൊതുവായുള്ള തത്വമാണ് അദ്ദേഹം ഉദ്ധരിച്ചതെങ്കിൽ അവിടെയും പ്രശ്‌നമുണ്ട്. കാരണം, പഴയ തൂണുകൾക്കും അടിത്തറയ്ക്കും മീതെയാണ്, ശ്രീധരൻ പുതിയ സ്ലാബുകളും ബീമുകളും സ്ഥാപിക്കാൻ പോകുന്നത്.
അതോ ഇനി, എന്തിനും ശതവർഷായുസ് നൽകുന്ന മാന്ത്രിക കരസ്പർശമാണോ അദ്ദേഹത്തിന്റേത്? വ്യക്തമല്ല.

ഇനി, പാലത്തിന്റെ ബലപരിശോധന നടത്തണമെന്ന് കരാറുകാരായ ആർഡിഎസും കൺസൾട്ടന്റായ കിറ്റ്‌കോയും ആവർത്തിച്ച് ആവശ്യപ്പെട്ടത് എന്തുകൊണ്ടാണ് എന്നു നോക്കുക.

കാരണങ്ങള് മൂന്നാണ്:

  1. അടിമുടി അഴിമതി നടത്തി (പാലം നിർമാണത്തിനുള്ള സിമന്റ്, കമ്പി തുടങ്ങിയവ ആവശ്യത്തിനുപയോഗിക്കാതെ ഫണ്ട് വെട്ടിച്ചെടുത്ത് പാലം ബലഹീനമാക്കി എന്നർഥം) എന്ന ആരോപണം മൂലം കരാറുകാരനും കൺസൾട്ടന്റുമെല്ലാം വിജിലൻസ് അന്വേഷണം നേരിടുന്ന പാലമാണിത്. രൂപകല്പന പ്രകാരമുള്ള കമ്പി ഉപയോഗിച്ചിട്ടുണ്ട് എന്ന് ഐഐടി റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും, സിമന്റ്, എത്രമാത്രം ഉപയോഗിച്ചിട്ടുണ്ട് എന്നറിയാൻ നിലവിൽ മാർഗമൊന്നുമില്ലാത്തതിനാൽ, പാലത്തിന്റെ മൊത്തം ബലം അളക്കുകയാണ്, നിർമാണത്തിൽ തട്ടിപ്പു നടന്നിട്ടണ്ടോ ഇല്ലയോ എന്ന് അറിയാനുള്ള ശാസ്ത്രീയമായ മാർഗം. ആരോപണ വിധേയരായവർക്ക് അവരുടെ നിരപരാധിത്വം തെളിയിക്കാനുള്ള അവസാനത്തെ അവസരമാണ് ലോഡ് ടെസ്റ്റ് എന്നർഥം.
  2. പാലം എന്നാൽ സ്ലാബുകൾ മാത്രമല്ല. ആ കോൺക്രീറ്റ് സ്ലാബുകളെ താങ്ങി നിർത്തുന്ന തൂണുകളും (പിയറുകൾ), പിയറുകളുടെ മുകളിലായുള്ള പിയർ ക്യാപ്പുകളും പിന്നെ പാലത്തിന്റെ അടിത്തറയുമാണ്. ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ അനുസരിച്ച്, നിർമാണ സാമഗ്രികൾ ഏറെ അടിച്ചുമാറ്റിയിട്ടുണ്ടെങ്കിൽ, ഇപ്പറയുന്നവയുടെയെല്ലാം ബലം സംശയാസ്പദമാണ്. എന്നാൽ സ്ലാബുകളും അവയ്ക്കു താഴെയുള്ള ഗർഡറുകൾ എന്ന കോൺക്രീറ്റ് ബീമുകളും ഇളക്കിമാറ്റിക്കഴിഞ്ഞാൽ പിന്നെ ലോഡ് ടെസ്റ്റ് നടത്താനാവില്ല. ലോഡ് ടെസ്റ്റ് നടത്താതിരുന്നാൽ അറിയാൻ കഴിയാതെ പോകുന്നത് ആരോപണങ്ങളുടെ നിഴലിൽ തന്നെയായ ഇവയുടെ ബലം കൂടിയാണ്. സ്ലാബുകളും ഗർഡറുകളും പുതിയതു വച്ചാലും പിയർ ക്യാപ്പുകൾക്കും പിയറുകൾക്കും അടിത്തറയ്ക്കും ബലമില്ലെങ്കിൽ പാലം പിന്നെയും തകരാം.
  3. സിവിൽ എൻജിനീയറിങ് നിർമിതകളുടെ കാര്യത്തിൽ ഇന്ത്യയിൽ ഏറ്റവും വൈദഗ്ധ്യമുള്ള പഠന-ഗവേഷണ സ്ഥാപനങ്ങളിലൊന്നായ മദ്രാസ് ഐഐടിയുടെ അവസാന റിപ്പോർട്ടിൽ ഒരിടത്തും പാലം പൊളിക്കണം എന്ന നിർദ്ദേശമില്ല. ബലപ്പെടുത്തിയ ശേഷം ലോഡ് ടെസ്റ്റ് നടത്തി ബലം മനസിലാക്കുക കൂടിക്കഴിഞ്ഞ് പാലം ഗതാഗതത്തിനു തുറന്നുകൊടുക്കാമെന്നാണ് ഐഐടി വിദഗ്ധരുടെ, സംശയത്തിനിട നൽകാത്ത നിർദ്ദേശം.

ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ലോഡ് ടെസ്റ്റ് നടത്തണം എന്നു
ഹൈക്കോടതി ഉത്തരവിട്ടതും. ഐഐടി നിർദ്ദേശിച്ചതു പോലെ അറ്റകുറ്റപ്പണി നടത്തിയതിനു ശേഷമല്ല, അതിനു മുമ്പു തന്നെ ഭാരപരിശോധന നടത്തണമെന്നാണ് വിധിയുണ്ടായതെന്നു മാത്രം. ലോഡ് ടെസ്റ്റിന്റെ ചെലവ് കരാറുകാർ വഹിക്കണമെന്നും നിർദ്ദേശിക്കുകയും കരാറുകാർ അത് സമ്മതികിക്കുകയും ചെയ്തിരുന്നു.

അറ്റകുറ്റപ്പണി നടത്തിയാൽ പാലത്തിന് ആയുസു കുറവായിരിക്കും എന്നും പാലം പൊളിച്ചുപണിതാൽ നൂറുകൊല്ലം ആയുസ് ഉറപ്പാണ് എന്നും ശ്രീധരൻ പറഞ്ഞിട്ടുണ്ട് എന്നതായിരുന്നു മേൽക്കോടതിയിൽ കേരളത്തിനു വയ്ക്കാനുണ്ടായിരുന്ന വാദത്തിന്റെ കാമ്പ്. സുപ്രീംകോടതി അംഗീകരിച്ചതും അതാണ്.

പുതിയ കോൺക്രീറ്റ് നിർമിതികളുടെ ആയുസ് നൂറുകൊല്ലം എന്ന് പൊതുവായി പറയാറുള്ള കാര്യമാകാം ശ്രീധരൻ എടുത്തുദ്ധരിച്ചത്.

എന്നാൽ, “കാശുവെട്ടിച്ചു പണിത” അടിത്തറയും തൂണുകളും അതേപടി നിലനിർത്തി, അവയ്ക്കു മുകളിലുള്ള സ്ലാബുകളും ബീമുകളും (ഗർഡറുകൾ) മാത്രം മാറ്റി വച്ചാൽ, ഈ നിർമിതി പുതിയതാകുന്നതെങ്ങിനെ?
ആയുസ് നൂറെത്തുന്നതെങ്ങിനെ?

ശ്രീധരനോട് ആരും ചോദിക്കാത്തതും ഇതേവരെ ആരും ഉത്തരം പറഞ്ഞിട്ടില്ലാത്തുമായ ചോദ്യമാണിത്.

Social Share Buttons and Icons powered by Ultimatelysocial