മികച്ച കോവിഡ് പ്രതിരോധത്തിന് ലോകാരോഗ്യ സംഘടന അഭിനന്ദിച്ചതായി; യു.പി സർക്കാർ
മികച്ച കോവിഡ് പ്രതിരോധത്തിന് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം ലഭിച്ചതായി യു.പി സർക്കാർ. മറ്റ് സംസ്ഥാനങ്ങൾക്ക് പിന്തുടരാവുന്ന മികച്ച മാതൃകയാണ് യു.പിയിലേതെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടതായി സർക്കാർ പറഞ്ഞു. കോൺടാക്ട് ട്രേസിങ്ങിലൂടെ യു.പി സർക്കാർ നടപ്പാക്കിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് ഡബ്ല്യു.എച്ച്.ഒ പ്രതിനിധി റെഡെറികോ ഒഫ്രിൻ പറഞ്ഞതായാണ് സർക്കാർ അറിയിച്ചത്. 70,000ത്തോളം ആരോഗ്യപ്രവർത്തകർ സംസ്ഥാനത്ത് കോവിഡിനെതിരായ പോരാട്ടത്തിന്റെ മുൻനിരയിലുണ്ടെന്ന് സർക്കാർ വക്താവ് പറഞ്ഞു. കൃത്യമായ സമ്പർക്കപ്പട്ടിക തയാറാക്കലാണ് കോവിഡ് പ്രതിരോധത്തിൽ പ്രധാനപ്പെട്ട കാര്യമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയതായും ഇതിനായി സംഘടനയുടെ സാങ്കേതിക സഹായം സംസ്ഥാനത്തിന് ലഭിച്ചിരുന്നതായും സർക്കാർ വക്താവ് പറഞ്ഞു. 5,14,270 പേർക്കാണ് യു.പിയിൽ ഇതുവരെ കോവിഡ് ബാധിച്ചത്. 7412 പേർ മരിക്കുയും ചെയ്തിട്ടുണ്ട്. എറ്റവും കൂടുതൽ രോഗികളുടെ പട്ടികയിൽ രാജ്യത്ത് ആറാമതാണ് യു.പി.