118A നടപ്പിലാക്കിയാൽ ആദ്യം അകത്താകുന്നത് ദേശാഭിമാനിയിലുള്ളവരും സി.പി.എം പ്രവർത്തകരുമായിരിക്കും; പി.കെ ഫിറോസ്

യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസിനെ ഫേസ്ബുക്കിൽ അപമാനിക്കാൻ ശ്രമിച്ച വ്യക്തിക്കെതിരെ പൊലീസ് ആക്റ്റ് 118 എപ്രകാരം കേസ് എടുക്കണമെന്ന് പരാതി നൽകിയതിനെതിരെ ഫിറോസ് രംഗത്ത്. 118A നടപ്പിലാക്കിയാൽ ആദ്യം അകത്താകുന്നത് കള്ളം പ്രചരിപ്പിക്കുന്ന ദേശാഭിമാനിയിലുള്ളവരും കൈരളി ടി.വിയിലുമുള്ളവരുമാകുമെന്നും ജയിലുകൾ സമ്പന്നമാകുക സി.പി.എം പ്രവർത്തകരെ കൊണ്ടുമായിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാൻ ആണ് പി.കെ ഫിറോസിനെ ഫേസ്ബുക്കിൽ അപമാനിക്കാൻ ശ്രമിച്ച വ്യക്തിക്കെതിരെ വലപ്പാട് പൊലീസിൽ പരാതി നൽകിയത്. പൊലീസ് ആക്ട് 118 എ അനുസരിച്ചുള്ള ആദ്യ പരാതിയാണ് ഇത്. പരാതി പൊലീസ് സ്വീകരിച്ചു. ഫിറോസിനെ അപകീർത്തിപെടുത്താൻ ലക്ഷ്യമിട്ടു വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. ഒരു ഫേസ്ബുക്ക് പ്രൊഫൈലിലെ വ്യക്തിയ്ക്കെതിരെയാണ് പരാതി. അപകീര്‍ത്തിപ്പെടുത്തിയ പോസ്റ്റിന്‍റെ ലിങ്കും ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് ആക്ട് 118 എയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഈ പരാതിയെന്നതും ശ്രദ്ധേയമാണ്. പൊലീസ് ആക്ട് 118 എ അനുസരിച്ച് പരാതിക്കാരനില്ലെങ്കിൽ പൊലീസിന് സ്വമേധയാ കേസെടുക്കാം. അറസ്റ്റിന് വാറണ്ടോ മജിസ്ട്രേറ്റിന്‍റെ അനുമതിയോ ആവശ്യവുമില്ല. ശിക്ഷയായി മൂന്നു വർഷം വരെ തടവോ, പതിനായിരം രൂപ വരെ പിഴയോ ഇവയൊരുമിച്ചോ ലഭിക്കാം.

• പി.കെ ഫിറോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

118A നടപ്പിലാക്കിയാൽ ആദ്യം അകത്താകുന്നത് കള്ളം പ്രചരിപ്പിക്കുന്ന ദേശാഭിമാനിയിലുള്ളവരും കൈരളി ടി.വിയിലുമുള്ളവരുമാകും. ജയിലുകൾ സമ്പന്നമാകുക സി.പി.എം പ്രവർത്തകരെ കൊണ്ടുമായിരിക്കും. ഒരു പക്ഷേ ആറുമാസം വരെ പിണറായി വിചാരിച്ചാൽ അതിന് തടയിടാനാകുമായിരിക്കും. സർക്കാറിനെ വിമർശിക്കുന്നവരെ മാത്രം തെരഞ്ഞ് പിടിച്ച് അകത്താക്കാനുമായേക്കും!! ശേഷം വരുന്ന യു.ഡി.എഫ് സർക്കാർ ഈ കരിനിയമം കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചാൽ സി.പി.എമ്മിന്റെ അവസ്ഥയെന്തായിരിക്കും? അത് കൊണ്ട് സ്വന്തം പാർട്ടിയുടെ ഭാവിയെ കരുതിയെങ്കിലും മുഖ്യമന്ത്രി ഈ നിയമം പിൻവലിക്കണം.

ഇങ്ങിനെയൊക്കെ പറഞ്ഞാൽ മുഖ്യമന്ത്രിയുടെ തലയിൽ കയറുമോ? അതോ ഇതൊക്കെ പറഞ്ഞതിന് പാർട്ടിയെയും പത്രത്തെയും ചാനലിനെയും അപമാനിച്ചു എന്നു പറഞ്ഞു കേസെടുക്കുമോ?

NB: എന്നെ അപകീർത്തിപ്പെടുത്തി എന്നു കാണിച്ച് നാട്ടികയിലെ യൂത്ത് ലീഗ് പ്രവർത്തകർ 118A പ്രകാരം നൽകിയ പരാതി പിൻവലിക്കാൻ നിർദ്ധേശം നൽകിയിട്ടുണ്ട്.

Social Share Buttons and Icons powered by Ultimatelysocial