എന്താണ് ഷിഗെല്ല? എങ്ങിനെ പ്രതിരോധിക്കാം? അറിയേണ്ടതെല്ലാം…

കൊവിഡ് മഹാമാരിക്കെതിരേ പോരാടുന്ന കേരളത്തെ ആശങ്കയിലാക്കി പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗമാണ് ഷിഗെല്ല. മരണത്തിനുവരെ കാരണമായേക്കാവുന്ന പകര്‍ച്ചവ്യാധിയാണിത്. കോഴിക്കോട് കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ഭാഗത്താണ് ഷിഗെല്ല ബാക്ടീരിയമൂലമുള്ള രോഗം സ്ഥിരീകരിച്ചത്. 11 വയസ്സുള്ള കുട്ടി രോംഗം ബാധിച്ചു മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. സമാന ലക്ഷണങ്ങളുള്ള 15 കേസുകളും റിപോര്‍ട്ട് ചെയ്യപ്പെട്ടതോടെ ജനങ്ങള്‍ കനത്ത ആശങ്കയിലാണ്. രോഗലക്ഷണങ്ങളോടെ 25 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് 110 പേരുടെ പിരശോധനയ്ക്ക് വിധോയമാക്കിയിട്ടുണ്ട്.

എല്ലാ പ്രായത്തിലുള്ളവരെയും ബാധിക്കുന്ന അസുഖമാണിത്. എന്നാല്‍ കുട്ടികളിലാണ് കൂടുതല്‍ അപകടം വരുത്തുക. കേരളത്തില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും കൂടുതലും കുട്ടികളിലാണ്. എന്നാല്‍ സൂക്ഷിച്ചാല്‍ അപകട സാധ്യത ഒഴിവാക്കാന്‍ കഴിയും. 2019ല്‍ കോഴിക്കോട് ജില്ലയില്‍ തന്നെ കൊയിലാണ്ടിയില്‍ രോഗം കണ്ടെത്തിയിരുന്നു. 40 കുട്ടികളെയായിരുന്നു അന്ന് രോഗക ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1) ലക്ഷണങ്ങള്‍ എന്തൊക്കെ?

വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, മലത്തില്‍ രക്തംവ കലരല്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത് എന്നതിനാല്‍ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു.
രോഗലക്ഷണങ്ങള്‍ ഗുരുതരമാണെങ്കില്‍ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളില്‍ മരണസാധ്യത കൂടുതലാണ്. രണ്ടുമുതല്‍ ഏഴുദിവസം വരെ രോഗലക്ഷണങ്ങള്‍ കാണാം. ചില കേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നുമില്ല. പനി, രക്തംകലര്‍ന്ന മലവിസര്‍ജനം, നിര്‍ജലീകരണം, ക്ഷീണം എന്നിവയുണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം. മലം പരിശോധിച്ചാണ് സാധാരണയായി രോഗം സ്ഥിരീകരിക്കുന്നത്.

2) രോഗം പരകുന്നതെങ്ങനെ?

കൊവിഡ് വൈറസ് പോലെ വായുവിലൂടെയോ പകരുന്ന ഒരു രോഗമല്ല ഷിഗെല്ല. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണു താനും. പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനം പെട്ടെന്നുണ്ടാവുമെന്നും വിദഗ്ധര്‍ പറയുന്നു. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പം പകരും. വളരെ കുറഞ്ഞ ബാക്ടീരിയകള്‍ അകത്തെത്തിയാല്‍ മതി ഒരാള്‍ രോഗിയാകാന്‍.

3) എങ്ങനെ പ്രതിരോധിക്കാം

കൊവിഡ് പ്രതിരോധത്തിനെന്ന പോലെ വ്യക്തി ശുചിത്വമാണ് ഷിഗെല്ല പ്രതിരോധത്തിന് ഏറ്റവും ആവശ്യം. ഭക്ഷണത്തിനുമുന്‍പും മലവിസര്‍ജനത്തിനു ശേഷവും കൈകള്‍ നന്നായി സോപ്പുപയോഗിച്ച് വൃത്തിയാക്കണം. അതിനാല്‍ രോഗം ബാധിച്ചവര്‍ക്കും മറ്റുള്ളവര്‍ക്കും വ്യക്തിശുചിത്വം പ്രധാനമാണ്. തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക. കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായവിധത്തില്‍ സംസ്‌കരിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ ആഹാരം പാകംചെയ്യുന്നതില്‍ നിന്നു വിട്ടുനില്‍ക്കണം. പഴകിയ ഭക്ഷണം കഴിക്കരുത്. ഭക്ഷണപദാര്‍ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവയ്ക്കണം.
വയറിളക്കമുള്ള കുട്ടികള്‍ മറ്റുള്ളവരുമായി ഇടപെടുന്നത് ഒഴിവാക്കണം. കക്കൂസും കുളിമുറിയും ഇടയ്ക്കിടെ അണുനശീകരണം നടത്തണം. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യുന്നത് ഒഴിവാക്കുക. രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതും നല്ലതാണ്. പഴങ്ങളും പച്ചക്കറികളും കഴുകിയ ശേഷംമാത്രം ഉപയോഗിക്കുക. രോഗലക്ഷണമുള്ളവര്‍ ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം എന്നിവ കുടിക്കുന്നത് ഗുണകരമാണ്. കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യാനും ശ്രദ്ധിക്കണം.

Social Share Buttons and Icons powered by Ultimatelysocial