ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സി.കെ മുബാറക് കോവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് അംഗവും ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ സികെ മുബാറക് (61) അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ മുടപ്പിലാശേരിയില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. സത്യപ്രതിജ്ഞാ സമയത്തും ഇദ്ദേഹത്തിന് കോവിഡായിരുന്നു. അതേ തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് ആംബുലന്‍സില്‍ വച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.കോവിഡും മറ്റ് അനാരോഗ്യങ്ങളും ആശുപത്രി കിടക്കയിലാക്കിയപ്പോഴും സത്യപ്രതിജ്ഞ ചൊല്ലി ചുമതല ഏല്‍ക്കണമെന്ന ദൃഢനിശ്ചയമാണ് ഇദ്ദേഹത്തെ വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയ പരിസരത്ത് നടന്ന ചടങ്ങിലെത്തിച്ചത്. വാരണാധികാരി സിആര്‍ മുരളീകൃഷ്ണന്‍ പിപിഇ കിറ്റ് ധരിച്ച് വാഹനത്തിന് സമീപമെത്തി ഇദ്ദേഹത്തിന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തിരുന്നു.കുടുംബാംഗങ്ങളും ചടങ്ങിനെത്തിയിരുന്നു. ചടങ്ങിന് ശേഷം മുബാറക്ക് ആശുപത്രിയിലേക്ക് തന്നെ തിരികെ പോയി.

Social Share Buttons and Icons powered by Ultimatelysocial