ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ച് വികെ ശ്രീകണ്ഠന്‍ എംപി

പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ച് വികെ ശ്രീകണ്ഠന്‍ എംപി. സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രാജിക്കത്ത് അയച്ചു. എംപിയെന്ന നിലയില്‍ പൂര്‍ണസമയവും വിനിയോഗിക്കാനാഗ്രഹിക്കുന്നെന്നും പാര്‍ട്ടിയുടെ അച്ചടക്കമുള്ള നേതാവായി തുടരുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മുതല്‍ ഡിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറാന്‍ പല തവണ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാണെന്നും പുനസംഘടന വരുന്നതു വരെ കാത്തിരിക്കണമെന്നുമാണ് നേതൃത്വത്തില്‍ നിന്നു ലഭിച്ച പ്രതികരണം. എന്നാല്‍ പുനസംഘടന പലകാരണങ്ങള്‍ കൊണ്ട് നീണ്ടു പോവുകയാണെന്നും എംപി എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്തം തനിക്ക് നിറവേറ്റാനുണ്ടെന്നും വികെ ശ്രീകണ്ഠന്റെ രാജിക്കത്തില്‍ പറയുന്നു. ഇന്നു തന്നെ രാജിക്കത്ത് സ്വീകരിക്കണമെന്നും രാജിക്കത്തില്‍ പറയുന്നു.ഒരു അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തുടര്‍ന്നും പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഞാന്‍ സജീവമായി ഉണ്ടാവും. എന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ നേതൃത്വത്തിന്റെയും പ്രവര്‍ത്തകരുടെയും ഭാഗത്ത് നിന്നുണ്ടായ എല്ലാ സഹകരണ സഹായങ്ങള്‍ക്കും എന്റെ അകൈതവമായ നന്ദി അറിയിക്കുന്നെന്നും രാജിക്കത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published.

Social Share Buttons and Icons powered by Ultimatelysocial