ലോകത്ത് കോവിഡിൽ പൊലിഞ്ഞത് 35 ലക്ഷത്തിലേറെ ജീവനുകൾ

ജനീവ: 2019 ഡിസംബറിൽ ചൈനയിൽനിന്ന് കോവിഡ് പൊട്ടിപ്പുറപ്പെട്ടശേഷം ഇതുവരെ 35,24,960 പേർക്ക് ജീവൻ നഷ്ടമായി. വെള്ളിയാഴ്ചമാത്രം 12,237 പേരാണ് മരിച്ചത്. ഇന്ത്യ (3617), ബ്രസീൽ (2371), അമേരിക്ക (774) എന്നിവിടങ്ങളിലാണ് മരണനിരക്ക് കൂടുതൽ. 5,24,350 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഇതുവരെ 16.93 കോടിപ്പേർക്ക് കോവിഡ് ബാധിച്ചു. 3,32,40,431 കോവിഡ് കേസുകളിൽ 5,93,962 മരണങ്ങൾ യു.എസിലുണ്ടായി. ബ്രസീലിൽ 1,63,91,930 കേസുകളിൽ 4,59,045 മരണങ്ങളും ഇന്ത്യയിൽ 2,77,29,247 കേസുകളിൽ 3,22,512 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരുലക്ഷം പേരിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ഹംഗറി, ചെക്ക് റിപ്പബ്ലിക്, ബോസ്നിയ-ഹെർസഗോവിന, റിപ്പബ്ലിക് ഓഫ് നോർത്ത് മാസിഡോണിയ, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളിലാണ്. എന്നാൽ, ലോകത്താകമാനം റിപ്പോർട്ട് ചെയ്തതിനെക്കാൾ രണ്ടോ മൂന്നോ ഇരട്ടിയോളമാകാം യഥാർഥകണക്കെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. രോഗലക്ഷണമില്ലാത്തവർ പരിശോധനയ്ക്കെത്താത്തതാണ് കൃത്യമായ കണക്കെടുപ്പിന് തടസ്സം.

Social Share Buttons and Icons powered by Ultimatelysocial