കോവിഡ്മൂലം കഷ്ടപ്പെടുന്നവരെ സഹായിക്കാൻ സ്വർണാഭരണം നൽകി വാർഡ് മെമ്പർ

മലപ്പുറം: സന്മനസ്സിനപ്പുറം നല്ലൊരാഭരണം വേറെയില്ലെന്ന് തെളിയിക്കുകയാണ് ഈ ഗ്രാമപ്പഞ്ചായത്തംഗം. കോവിഡ്മൂലം കഷ്ടപ്പെടുന്നവരെ സഹായിക്കാൻ സ്വർണാഭരണം ഊരിനൽകാൻ എടയൂർ ഗ്രാമപ്പഞ്ചായത്തംഗം ഫാത്തിമത്ത് തസ്‌നിക്ക് സ്വർണത്തിന്റെമൂല്യം പ്രശ്മമായില്ല. ഭക്ഷ്യക്കിറ്റുകൾ നൽകാനാണ് ഇവർ തന്റെ ഒന്നരപ്പവൻ ആഭരണം സി.പി.എം. ബ്രാഞ്ച് കമ്മിറ്റിക്ക് കൈമാറിയത്. നാലാംവാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യക്കിറ്റ് നൽകുന്നതിനുള്ള ഒരുക്കത്തിലാണ് സി.പി.എം. എടയൂർ മണ്ണത്ത്പറമ്പ് ബ്രാഞ്ച് കമ്മിറ്റി. ബ്രാഞ്ച് സെക്രട്ടറി വേണുഗോപാൽ ഫാത്തിമത്ത് തസ്‌നിയിൽനിന്ന് ആഭരണം ഏറ്റുവാങ്ങി. വളാഞ്ചേരി കെ.ആർ.എസ്.എൻ. കോളേജിൽ ബി.എ. അവസാനവർഷ ഇക്കണോമിക്‌സ് വിദ്യാർഥിനിയായ തസ്‌നി എടയൂർ ഗ്രാമപ്പഞ്ചായത്ത് നാലാംവാർഡായ മണ്ണത്ത്പറമ്പിൽനിന്നും ഇടതുപക്ഷ മെമ്പറായാണ് വിജയിച്ചത്. ഒന്നരവർഷം മുമ്പാണ് ഇവർ പെരിന്തൽമണ്ണയിൽനിന്നും വിവാഹിതയായി എടയൂരിലെത്തിയത്. വിദേശത്ത് ഫാർമസിസ്റ്റായ കെ.എ. അനസിന്റെ ഭാര്യയാണ്.

Social Share Buttons and Icons powered by Ultimatelysocial