കതിരണിപ്പാടത്തുനിന്ന് ശ്യാമിന്റെ അധ്യയനവർഷം

മലപ്പുറം: ഏഴാംക്ലാസുകാരൻ ശ്യാംജിത്തിന്റെ അധ്യയനവർഷം തുടങ്ങുന്നത് ഈ പാടത്തുനിന്നാണ്. സ്കൂളടച്ചപ്പോൾ എല്ലാവരും വീട്ടിലൊതുങ്ങിയപ്പോൾ ശ്യാം പഠനത്തോടൊപ്പം കൃഷിപ്പണിയിലുമായിരുന്നു. ഇപ്പോൾ അവന്റെ നെൽച്ചെടികളെല്ലാം കതിരണിഞ്ഞു.
വെട്ടം പഞ്ചായത്തിലെ 15-ാം വാർഡിൽ വാക്കാട് ഹെൽത്ത് സെന്ററിന് സമീപം താമസിക്കുന്ന പുല്ലവളപ്പിൽ ബാബുവിന്റെയും പ്രീതിയുടെയും മകനാണ് ശ്യാംജിത്ത്. വെട്ടം പടിയത്തെ കുറ്റിയിൽ എ.യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായിരിക്കെയാണ് കോവിഡ് മഹാമാരി വന്ന് സ്കൂളടച്ചത്. കർഷകനായ തന്റെ വല്യച്ഛനെ പെരുന്തല്ലൂരിലെ വീട്ടിൽപോയി കണ്ട് തിരിച്ചുവരുമ്പോൾ ഒരുപിടി നെല്ലുമായാണ് ശ്യാംജിത്ത് വീട്ടിലെത്തിയത്. പഠനത്തോടൊപ്പം കൃഷിയിലും ഒരുകൈ നോക്കുകയായിരുന്നു ലക്ഷ്യം. കൊണ്ടുവന്ന നെൽവിത്ത് മുളപ്പിച്ച്, ഞാറുനട്ടു വീട്ടുവളപ്പിലെ ചെറിയ സ്ഥലത്ത് പരീക്ഷണമെന്നോണം കൃഷിയിറക്കുകയായിരുന്നു.
മാതൃഭൂമി സീഡ് കോ-ഓഡിനേറ്ററും തന്റെ അധ്യാപികയുമായ മിനിയാണ് ശ്യാംജിത്തിന് കൃഷിക്കുവേണ്ട പ്രോത്സാഹനംനൽകിയത്.
ശ്യാംജിത്തിന് ഏഴാംക്ലാസിൽ അധ്യയനം തുടങ്ങുമ്പോൾ അഭിമാനിക്കാം തന്റെ വിലപ്പെട്ട സമയം പാഴായില്ല വീട്ടുപറമ്പിൽ പൊൻകതിരുകൾ തന്നെ നോക്കി അഭിമാനത്തോടെ പുഞ്ചിരി തൂകുന്നുതൊട്ടടുത്ത് മറ്റൊരാളുടെ സ്ഥലത്ത് അനുവാദം വാങ്ങി ശ്യാംജിത്ത് അച്ഛൻ ബാബുവിന്റെ സഹായത്താൽ കപ്പക്കൃഷിയും ചെയ്യുന്നുണ്ട്. പയറും വെള്ളരിയും മത്തനും ചീരയുമെല്ലാം ശ്യാംജിത്ത് വീട്ടുകാരുടെ സഹായത്താൽ കൃഷി ചെയ്തിട്ടുമുണ്ട്. പഠനത്തോടൊപ്പം കൂടുതൽ കൃഷിയിറക്കണമെന്നാണ് ശ്യാംജിത്തിന്റെ ആഗ്രഹം.

Social Share Buttons and Icons powered by Ultimatelysocial