• Thu. Oct 6th, 2022

നാര്‍ക്കോട്ടിക്ക് ജിഹാദുമുണ്ടെന്ന പാല രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി മാണി സി കാപ്പന്‍ എംഎല്‍എ

കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക്ക് ജിഹാദുമുണ്ടെന്ന പാല രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി മാണി സി കാപ്പന്‍ എംഎല്‍എ. ബിഷപ്പ് മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും വിഷയത്തിന്റെ ഉദ്ദേശ ശുദ്ധിയെ വളച്ചൊടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കാപ്പന്‍ പറഞ്ഞു. വിശ്വാസികള്‍ പ്രത്യേകിച്ച് കുട്ടികള്‍ മയക്കുമരുന്ന് ബന്ധങ്ങളില്‍പ്പെടെരുതെന്ന മുന്നറിയിപ്പാണ് ബിഷപ്പ് നല്‍കിയത്. നാര്‍ക്കോട്ടിക്‌സ് ലോബിയുടെ അതിശക്തമായ പ്രേരണയാകും ഇതൊരു വിവാദ വിഷയമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും പാല എംഎല്‍എ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.’നാര്‍ക്കോട്ടിക് വസ്തുക്കളുടെ ഉപയോഗം കുട്ടികളെയും മുതിര്‍ന്നവരെയും സംബന്ധിച്ചടത്തോളം ലോകം ഒട്ടാകെ നിരോധിച്ചിരിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതുമാണ്. ഇക്കാര്യം കല്ലറങ്ങാട്ട് പിതാവ് മാത്രം പറയാന്‍ പാടില്ല എന്നതിന്റെ സാംഗത്യം മനസിലാകുന്നില്ല. വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ പുകയില വസ്തുക്കള്‍ വിതരണം ചെയ്യുന്ന കടകള്‍ക്കുപോലും ദൂരപരിധി നിശ്ചയിച്ചിട്ടുണ്ട്. പാലാ ബിഷപ്പ് പറഞ്ഞിട്ടുള്ളത് ഏതെങ്കിലും സമുദായത്തിന് എതിരെയല്ല. ഒരു മതത്തെയും കുറ്റപ്പെടുത്തിയിട്ടില്ല. സമുദായങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയാണ് ബിഷപ്പിന്റെ അഭിപ്രായം.’സര്‍ക്കാരും വിവിധ രാഷ്ട്രീയ നേതാക്കളും മുതിര്‍ന്നവരും ഒറ്റക്കെട്ടായി മയക്കുമരുന്നിനെതിരെയുള്ള ശബ്ദത്തെ പിന്തുണയ്‌ക്കേണ്ടതാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ഇതോടൊപ്പം പാലാ ബിഷപ്പ് പറഞ്ഞത് ഏതെങ്കിലും മതത്തിനെതിരെയാണെന്ന വ്യാഖ്യാനം നല്‍കി മുതലെടുപ്പ് നടത്തുവാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണം. കുര്‍ബാന മധ്യേ വിശ്വാസികളോടായി ബിഷപ്പ് പറഞ്ഞതിനെ അഭിപ്രായ സ്വാതന്ത്ര്യമായി കണ്ടാല്‍ മതിയാകുമെന്നും ബിഷപ്പിന്റെ ആശയത്തോട് വിയോജിപ്പുള്ളവര്‍ക്കു ആശയസംവാദത്തിനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനെ തെരുവിലേയ്ക്കു വലിച്ചിഴക്കുന്ന നിലപാട് ശരിയാണോ എന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കണം. സാമുദായിക ഐക്യവും മതസൗഹാര്‍ദ്ദവുമാണ് നാടിന്റെ കരുത്ത്. അത് നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.