• Mon. Oct 18th, 2021

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കനയ്യകുമാർ; കോൺഗ്രസിലേക്കില്ലെന്ന് പ്രതികരണം

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ജെഎൻയു മുൻ വിദ്യാർത്ഥിയും,സിപിഐ നേതാവുമായ കനയ്യ കുമാർ. സിപിഐവിട്ട് കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന ഊഹാപോഹങ്ങൾക്കിടെയാണ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച. അതേസമയം സിപിഐയിൽ തന്നെ തുടരുമെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം കനയ്യകുമാർ പ്രതികരിച്ചു. വൈകീട്ടോടെയാണ് ഇരുവരുമായുള്ള കൂടിക്കാഴ്ച അവസാനിച്ചത്. സന്ദർശനത്തിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്ന് കനയ്യകുമാർ പറഞ്ഞു. നിരവധി പേർ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയെ കാണാറുണ്ട്. തന്റെ കൂടിക്കാഴ്ചയിൽ അതിനപ്പുറം വല്ലതും ഉണ്ടെങ്കിൽ ഉടൻ വെളിപ്പെടുത്തുമെന്നും കനയ്യകുമാർ വ്യക്തമാക്കി.

ബീഹാറിൽ പുതിയ കോൺഗ്രസ് അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നീക്കങ്ങൾക്കിടെയാണ് കനയ്യകുമാറും രാഹുൽ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച. രാഷ്‌ട്രീയ ഉദ്ദേശ്യം ഇല്ലെന്ന കനയ്യകുമാറിന്റെ പ്രതികരണം മറ്റ് നേതാക്കൾ പൂർണ വിശ്വാസത്തിൽ എടുത്തിട്ടില്ലെന്നാണ് വിവരം.

ഇത് രണ്ടാമത്തെ തവണയാണ് കോൺഗ്രസിലെ പ്രമുഖ നേതാക്കളുമായി കനയ്യകുമാർ ചർച്ച നടത്തുന്നത്. നേരത്തെ കോൺഗ്രസ് മുതിർന്ന നേതാവ് നദീം ജാവേദുമായും കനയ്യകുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയും കനയ്യകുമാർ കോൺഗ്രസിൽ ചേരുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.