• Sun. Nov 28th, 2021

വിഎം സുധീരന്റെ രാജി തള്ളി എഐസിസി

വിഎം സുധീരന്റെ രാജി സ്വീകരിക്കാതെ എഐസിസി. എഐസിസി അംഗത്വത്തില്‍ നിന്നുള്ള രാജിയാണ് തള്ളിയത്. രാജി അംഗീകരിച്ചിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. സംസ്ഥാന തലത്തില്‍ ആശയവിനിമയത്തില്‍ വിടവുണ്ടായെന്ന് അറിയിച്ച്‌കൊണ്ടായിരുന്നു താരിഖ് അന്‍വറിന്റെ പ്രതികരണം. ഭാവിയില്‍ ഇത് പരിഹരിക്കുമെന്നും താരിഖ് അന് പറഞ്ഞു. കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെയാണ് സുധീരന്‍ എഐസിസിയില്‍ നിന്നും രാജിവെച്ചത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് അനുനയത്തിന് ശ്രമിച്ചിരുന്നെങ്കിലും അത് ഫലം കണ്ടില്ല. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്ന നിലയിലും മുന്‍ കെപിസിസി അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തന്നെ പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു എന്ന നിലപാടായിരുന്നു വി എം സുധീരന് ഉണ്ടായിരുന്നത്. അടുത്ത കേന്ദ്രങ്ങളോട് അദ്ദേഹം പല തവണ ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് രാജി. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ ഇല്ലെന്ന ആക്ഷേപം നിരന്തരം ഉന്നയിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഹൈക്കമാന്റില്‍ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജി എന്നാണ് കെപിസിസി നല്‍കുന്ന വിശദീകരണം.