• Mon. Oct 18th, 2021

കൊവിഡ് പോസിറ്റീവായവര്‍ സിപിഐഎം ബ്രാഞ്ച് സമ്മേളനത്തില്‍; വിവാദം

സിപിഐഎം ബ്രാഞ്ച് കമ്മിറ്റി പിടിച്ചെടുക്കാന്‍ കൊവിഡ്-19 പോസിറ്റീവായ അംഗത്തേയും ഭാര്യയേയും സമ്മേളനത്തില്‍ പങ്കെടുപ്പിച്ചെന്ന് ആരോപണം. പുതുശേരി ഏരിയാ കമ്മിറ്റിക്ക് കീഴിലെ കിണാശ്ശേരി തണ്ണീര്‍ പന്തല്‍ ബ്രാഞ്ച് സമ്മേളനമാണ് വിവാദത്തിന് വഴിയൊരുങ്ങിയത്. സമ്മേളനം കഴിഞ്ഞ ശേഷമാണ് കൊവിഡ്-19 രോഗി പങ്കെടുത്ത വിവരം മറ്റ് അംഗങ്ങള്‍ അറിഞ്ഞത്. ഇതോടെ അവിടെ എത്തിയവരെല്ലാം നിരീക്ഷണത്തില്‍ പ്രവേശിച്ചു. സമ്മേളനം നടക്കുന്നതിന്റെ അഞ്ച് ദിവസം മുമ്പാണ് ദമ്പതികള്‍ക്ക് കൊവിഡ് ബാധിക്കുന്നത്. തങ്ങള്‍ക്ക് കൊവിഡ്-19 ബാധിച്ച വിവരം ഇവര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നെങ്കിലും സമ്മേളനത്തിലെത്തിവരില്‍ പലരും ഇത് ശ്രദ്ധിച്ചിരുന്നില്ലെന്നാണ് വാദം.നിലവിലെ സെക്രട്ടറി എസ്. കൃഷ്ണദാസാണ് ഇവരെ പങ്കെടുപ്പിച്ചതെന്നാണു മറ്റ് അംഗങ്ങളുടെ ആരോപണം.ഇരുവരും സമ്മേളനത്തില്‍ നിന്നു വിട്ടുനിന്നാല്‍ കമ്മിറ്റി കൈയ്യില്‍ നിന്ന് പോകുമെന്നു കണ്ടതോടെ നിലവിലെ ബ്രാഞ്ച് സെക്രട്ടറിയും അനുയായികളും ചേര്‍ന്ന് ഇവരെ നിര്‍ബന്ധിച്ചു സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതാണെന്നു പറയുന്നു. മത്സരത്തിലേക്കു കടന്നെങ്കിലും 2 പേരുടെ പിന്തുണയില്‍ എസ്. കൃഷ്ണദാസ് തന്നെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സംഭവം വിവാദമായതോടെ തങ്ങള്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ഇവര്‍ വാദിച്ചു. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല.