• Mon. Oct 18th, 2021

സംവിധായകന്‍ അലി അക്ബര്‍ ബിജെപി സംസ്ഥാന സമിതിയില്‍ നിന്ന് രാജിവെച്ചു

സംവിധായകന്‍ അലി അക്ബര്‍ ബിജെപി സംസ്ഥാന സമിതിയില്‍ നിന്ന് രാജിവെച്ചു. രണ്ട് ദിവസം മുന്‍പാണ് രാജി സമര്‍പ്പിച്ചത്. നേതൃത്വവുമായി ഉണ്ടായ പ്രശ്‌നങ്ങളാണ് രാജിവെക്കാന്‍ കാരണമെന്നാണ് വിവരം. വികാരഭരിതമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഇന്ന് അലി അക്ബര്‍ പങ്കുവെച്ചിരുന്നു. എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുന്‍പോട്ടു പോവാന്‍ തീരുമാനിച്ചു. എന്ത് കര്‍ത്തവ്യമാണോ ഭഗവാന്‍ എന്നിലര്‍പ്പിച്ചത് അത് യജ്ഞ ഭാവത്തോടെ ചെയ്യാന്‍ ഭഗവാന്‍ സഹായിക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

ഒരു മുസല്‍മാന്‍ ഭാരതീയ ജനതാപാര്‍ട്ടിയില്‍ നിലകൊള്ളുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന തെറിവിളികള്‍, സ്വകുടുംബത്തില്‍ നിന്നും സമുദായത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങള്‍ക്ക് മനസ്സിലായി എന്ന് വരില്ല, പക്ഷെ രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം, അധികാരവും ആളനക്കവുമുള്ളപ്പോള്‍ ഉള്ളപ്പോള്‍ ഓടിക്കൂടിയ എന്നെപ്പോലുള്ളവരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്, വര്‍ഷങ്ങള്‍ക്കു മുന്‍പേ സംഘിപ്പട്ടം കിട്ടിയ മുസ്ലീങ്ങളെക്കുറിച്ചാണ്, അവരൊക്കെ കഴിഞ്ഞ പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തില്‍ ഓടി നടന്നു പ്രവര്‍ത്തിക്കുന്നതും കണ്ടു, ഒരുപാട് പേരെ എനിക്കറിയാം..

മുന്‍പ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധര്‍മ്മത്തെ അറിഞ്ഞു പുല്‍കിയവര്‍… രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവര്‍… അത്തരത്തില്‍ ചിലരെ വേട്ടയാടുന്നത് കണ്ടു… വേദനയുണ്ട്. ഒരുവനു നൊന്താല്‍ അത് പറയണം, പ്രതിഫലിപ്പിക്കണം അത് സമാന്യ യുക്തിയാണ്, പൂട്ടിട്ട് പൂട്ടിവയ്ക്കാന്‍ യന്ത്രമല്ല… അതിനെ അത്തരത്തില്‍ കാണാതെ അംശവടികൊണ്ട് തടവലല്ല പരിഹാരം, കാണുന്ന കാഴ്ചയും, കേള്‍ക്കുന്ന കേഴ്വിയും ഒരു മനുഷ്യനില്‍ ചലനം സൃഷ്ടിക്കും അതുകൊണ്ടാണല്ലോ ആര്‍ജ്ജുനന്‍ അധര്‍മ്മികളായ ബന്ധു ജനങ്ങള്‍ക്കിടയില്‍ വില്ലുപേക്ഷിക്കാന്‍ തയ്യാറായപ്പോള്‍ ഭാഗവാന് ഉപദേശം നല്‍കേണ്ടിവന്നത്.. കൃഷ്ണന്‍ അര്‍ജ്ജുനനെ മാറ്റിനിറുത്തി മറ്റൊരാളെ യുദ്ധത്തിന് പ്രേരിപ്പിക്കയല്ല ചെയ്തത്..