• Mon. Oct 18th, 2021

മെറിറ്റ് അട്ടിമറിക്കുന്ന 20 റൊട്ടേഷൻ സമ്പദായം പി.എസ്.സി അവസാനിപ്പിക്കണം- വെൽഫെയർ പാർട്ടി

തിരുവനന്തപുരം : പിന്നാക്ക സമുദായങ്ങളെ മെറിറ്റിൽ നിന്ന് പുറംതള്ളുന്ന 20 റൊട്ടേഷൻ സമ്പദായം പി.എസ്.സി അവസാനിപ്പിക്കണെമന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. നൂറിൽ കുറഞ്ഞ തസ്തിക നിയമനങ്ങൾ ഒറ്റ ക്വാട്ടയായോ അതിലേറെയുള്ളവ 100 വീതമുള്ള ക്വാട്ടകളായോ നിയമനം നടത്തുന്ന രീതി നടപ്പാക്കിയില്ലെങ്കിൽ മെറിറ്റിൽ നിയമനം ലഭിക്കേണ്ട ഒ.ബി.സി വിഭാഗക്കാരുടെ അവസരങ്ങൾ നഷ്ടമാകുകയും അവർ റിസർവ്വേഷൻ ക്വാട്ടയിലേക്ക് മാറ്റപ്പെടുകയും ചെയ്യും. ഇതോടെ റിസർവ്വേഷനിൽ നിയമനം ലഭിക്കേണ്ട ഒ.ബി.സി ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കുന്നതിന് പകരം അനർഹരായ ഉദ്യോഗാർത്ഥികൾ കടന്നുകൂടപ്പെടുകയും ചെയ്യും. ഇത്തവണത്തെ കെ.എ.എസ് സ്ട്രീം ഒന്ന് അതിൻറെ പ്രത്യക്ഷ ഉദാഹരണമാണ്. 35 പേരെ നിയമിക്കുന്ന ഈ ലിസ്റ്റിലുള്ള 12, 18 റാങ്കുകാരായ മുസ്ലിം ഉദ്യോഗാർത്ഥികൾ ഒറ്റ ക്വാട്ടയായി നിയമനം നടത്തിയാൽ മെറിറ്റിൽ നിയമനം ലഭിക്കും. പകരം നിലവിലുള്ള 20 റൊട്ടേഷണിൽ സംവരണ ക്വാട്ടയിലായിരിക്കും നിയമിക്കപ്പെടുക. അതോടെ മെറിറ്റിൽ അനർഹരായ ജനറൽ വിഭാഗത്തിൽ നിന്നുള്ള രണ്ടു പേരാകും നിയമിക്കപ്പെടുക. സ്ട്രീം രണ്ടിലും മൂന്നിലും സമാനമായ സ്ഥിതിവിശേഷം നിലവിലുണ്ട്. മുസ്ലിം, ഈഴവ, ലത്തീൻ വിഭാഗങ്ങളടക്കമുള്ള പിന്നാക്ക ജനവിഭാഗങ്ങൾ ഈ രീതിയിൽ കാലങ്ങളായി വഞ്ചിക്കപ്പെടുകയാണ്. മെറിറ്റ് അട്ടിമറിക്കുന്ന പി.എസ്.സിയുടെ അശാസ്ത്രീയ നിയമന രീതി അവസാനിപ്പിക്കണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടു.