• Sun. Nov 28th, 2021

പൗരത്വ നിയമം അനിവാര്യം: മുന്നറിയിപ്പ് നൽകി ആർ.എസ്.എസ്. മേധാവി

രാജ്യത്തിന്റെ പലഭാഗത്തും ഹൈന്ദവസമൂഹങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണം ആസൂത്രീതമാണെന്നും അതിർത്തി മേഖലകളിലെ ജനസംഖ്യ അസന്തുലനം മുഖ്യകാരണമാണെന്നും ഡോ.മോഹൻ ഭാഗവത്. നാഗപ്പൂരിലെ വിജയദശമി സന്ദേശത്തിലാണ് മതപരിവർത്തനങ്ങളിലൂടെ രാജ്യത്തെ വിവിധ മേഖലകളിൽ ഹിന്ദുസമൂഹത്തിന് നേരെ അരങ്ങേറുന്ന പ്രശ്‌നങ്ങളെ സർസംഘചാലക് ചൂണ്ടിക്കാട്ടിയത്.
അതിർത്തി പ്രദേശങ്ങളിൽ ജനസംഖ്യാ അസന്തുലനം ഏറെ ശ്രദ്ധിക്കേണ്ടതാണ്. ഹിന്ദുസമൂഹത്തെ വ്യാപകമായി ആക്രമിക്കുന്നത് അത്തരം മേഖലകളിലാണെന്നത് ആശങ്കാ ജനകമാണ്. സമീപകാല സംഭവങ്ങൾ രാജ്യസുരക്ഷയ്‌ക്ക് തന്നെ അപകടമാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. നുഴഞ്ഞുകയറിയുള്ള ജനസംഖ്യാ പെരുപ്പം പലമേഖലയിലും വളരെ വലുതാണ്. രാജ്യത്തെ പൗരന്മാരെ തിരിച്ചറിയാനുള്ള ഭരണപരമായ നീക്കത്തിന് ജനങ്ങളാണ് ശക്തിപകരേണ്ടത്. പൗരത്വരേഖാ സംവിധാനം കർശനമായി നടപ്പാക്കുക മാത്രമാണ് പോംവഴിയെന്ന് ഡോ. മോഹൻഭാഗവത് പറഞ്ഞു.

എല്ലാ മതവിഭാഗങ്ങളേയും ഒന്നിപ്പിക്കുന്ന ജനസഖ്യാ ബോധവൽക്കരണം വേണം. മതപരമായ ജനസംഖ്യയിൽ പലയിടത്തും അനിയന്ത്രിതമായ മാറ്റമാണ് കാണുന്നത്. രണ്ടു കുട്ടികളെന്ന സാമൂഹ്യ നിയന്ത്രണം സാങ്കേതികമായ ഒരു തീരുമാനമാണ്. ജനസംഖ്യനിയന്ത്രണമെന്നത് ഭരണകൂടം നിശ്ചയിച്ചാലും പൊതുബോധം രൂപപ്പെടണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.