• Thu. Oct 6th, 2022

ആര്‍ജെ സൂരജിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

കെ സുധാകരനെതിരായ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ ആർജെ സൂരജിനെതിരെ കോൺ​ഗ്രസ് പ്രവർത്തകർ നടത്തുന്ന സൈബർ ആക്രമണത്തെ വിമർശിച്ച് ഡിവൈഎഫ്ഐ. അനീതിയെ എതിർക്കാനും അഭിപ്രായം പറയാനുമുള്ള ജനാധിപത്യ അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റമാണിതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചി-കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനും അനുയായികളും നടത്തിയ അതിക്രമണങ്ങൾ പുറത്തുവിട്ടതിനെ തുടർന്നാണ് ആർ.ജെ.സൂരജിനെതിരെ സൈബർ ആക്രമണവുമായി കോൺഗ്രസ് അനുകൂലികൾ രംഗത്തെത്തിയത്. വിമാന യാത്രയ്ക്കിടെ നേരിട്ടുള്ള അനുഭവം വെളിപ്പെടുത്തിയതിന് കമന്റ് ബോക്‌സിലും ഇൻബോക്‌സിലും അസഭ്യ പരാമർശങ്ങളുമായി കോൺഗ്രസ് നടുത്തുന്ന ഈ അക്രമണം സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. അനീതിയെ എതിർക്കാനും അഭിപ്രായം പറയാനുമുള്ള ജനാധിപത്യ അവകാശങ്ങൾക്കുമേലുള്ള കടന്നാക്രമണമാണിത്. ഇത് പുരോഗമന കേരളത്തിന് കളങ്കമാണ്. ആർ.ജെ.സൂരജിന് എല്ലാവിധ പിന്തുണയും നൽകുമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിൽ പറഞ്ഞു.കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അനുയായി എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയ സംഭവം പുറത്തുവിട്ടതിനു പിന്നാലെയാണ് ആര്‍ജെ സൂരജിന് നേരെ കോണ്‍ഗ്രസ് അനുകൂലികളുടെ സൈബര്‍ ആക്രമണമുണ്ടായത്. കമന്റ് ബോക്‌സിലും ഇന്‍ബോക്‌സിലും കടുത്ത അസഭ്യപരാമര്‍ശങ്ങളാണ് താന്‍ നേരിടുന്നതെന്ന് സൂരജ് നേരത്തെ പറഞ്ഞിരുന്നു. എംപിയുടെ പെരുമാറ്റവും അണികളുടെ ശരിയല്ലാത്ത ഇടപെടലിനെയും പറ്റി തുറന്നു പറഞ്ഞതാണോ താന്‍ ചെയ്ത തെറ്റെന്ന് സൂരജ് ചോദിച്ചു. കേരള രാഷ്ട്രീയം സിനിമയിലൊക്കെ കാണും പോലെ തന്നെയാണ്. അധികാരമുള്ളവന്‍ പറയും ബാക്കിയുള്ളവന്‍ അതെന്തായാലും വെള്ളം തൊടാതെ വിഴുങ്ങണം. പിന്നെങ്ങനെ ഇവിടെ ജനങ്ങളുടെ കാര്യങ്ങള്‍ മനസിലാക്കി കൂടെ നില്‍ക്കുന്ന ജനപ്രതിനിധി ഉണ്ടാകും. നേതാവ് തെറ്റ് ചെയ്താലും കൈയ്യടിക്കുന്ന അണികളുള്ളിടത്തോളം ഇവിടൊരു പിണ്ണാക്കും മാറാന്‍ പോകുന്നില്ലെന്നും സൂരജ് പറഞ്ഞു. എന്നാൽ ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരിക്കാൻ എയർഹോസ്റ്റസ് തന്നെ സമ്മതിച്ചില്ലെന്നും അല്ലാതെ വിമാനത്തിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം.