• Mon. Jan 24th, 2022

മഴ കഴിഞ്ഞാലുടന്‍ റോഡുപണി ആരംഭിക്കും, അറ്റകുറ്റപ്പണികള്‍ക്ക് മാത്രം 119 കോടി: മന്ത്രി മുഹമ്മദ് റിയാസ്

മഴ തീരുന്ന പക്ഷം റോഡിന്റെ അറ്റകുറ്റപണികള്‍ അടിയന്തരമായി ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. അറ്റകുറ്റപണികള്‍ക്കായി മാത്രം 119 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, കരാറുകാരന്റെ ചുമതല റോഡുപണി കഴിയുന്നതോടെ അവസാനിക്കുന്നില്ലെന്നും പരിപാലന കാലയളവിലുണ്ടാകുന്ന തകരാറുകൾ കരാറുകാരൻ തന്നെ പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു.പരിപാലന കാലവധി കഴിഞ്ഞ റോഡുകള്‍ എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കുകയാണെന്നും ഭാവിയില്‍ നന്നായി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ കാലാവധി കഴിഞ്ഞ റോഡിന് റണ്ണിംഗ് കോൺട്രാക്ട് നൽകാനാണ് തീരുമാനം.വാട്ടര്‍ അതോറിറ്റി റോഡുകള്‍ പൊളിക്കുന്നത് സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ ശ്രമം തുടങ്ങിയതായും ഉടൻതന്നെ യോ​ഗം വിളിച്ച് പ്രശ്ന പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു. ഇത്തരം പരാതികളില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.വടകര റസ്റ്റ് ഹൗസിലെ മിന്നല്‍ സന്ദര്‍ശനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന്, ശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ടെന്നും, തെറ്റായ രീതികളോട് സന്ധി ചെയ്യാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. എണ്ണയിട്ട യന്ത്രം പോലെ സംവിധാനത്തെ ചലിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.