• Wed. Jun 29th, 2022

‘കാശിയിലെ എല്ലാ കണങ്ങളിലും ശിവനുണ്ട്, രൂപം ആവശ്യമില്ല’; ​ഗ്യാൻവാപി പള്ളി തർക്കത്തിൽ കങ്കണ

പുതിയ ചിത്രം ധാക്കഡിന്റെ പ്രമോഷൻ പരിപാടികൾക്കിടെ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് നടി കങ്കണ റണൗത്ത്. കങ്കണയ്ക്കൊപ്പം ചിത്രത്തിലെ സഹതാരങ്ങളായ അർജുൻ രാംപാൽ, ദിവ്യ ദത്ത എന്നിവരും ദർശനത്തിന് എത്തി. ദർശനം കഴിഞ്ഞ് മടങ്ങവെ വാരണാസിയിലെ ഗ്യാൻവാപി പള്ളി-കാശി വിശ്വനാഥ് ക്ഷേത്രം തർക്കത്തെപറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനും കങ്കണ മറുപടി നൽകി. കാശിയിലെ എല്ലായിടത്തും ശിവനുണ്ടെന്നാണ് കങ്കണയുടെ പ്രതികരണം.
‘മധുരയുടെ എല്ലാ കണങ്ങളിലും കൃഷ്ണനുണ്ട്. അയോധ്യയുടെ എല്ലാ കണങ്ങളിലും ശ്രീരാമനും. സമാനമായി കാശിയിലെ എല്ലായിടങ്ങളിലും ശിവനുണ്ട്. അദ്ദേഹത്തിന് ഒരു രൂപം ആവശ്യമില്ല. അദ്ദേഹം എല്ലാ കണങ്ങളിലുമുണ്ട്,’ കങ്കണ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് ​ഗ്യാൻവാപി പള്ളിയിൽ വീഡിയോ സർവേയിൽ ശിവലിം​ഗം കണ്ടെത്തിയെന്ന് പരാതിക്കാരുടെ അഭിഭാഷകർ അവകാശപ്പെട്ടത്. ഇതേ തുടർന്ന് കണ്ടെത്തിയ പരിസരം സീൽ ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കണ്ടെത്തിയത് ശിവലിം​ഗമല്ലെന്നും വാട്ടർ ഫൗണ്ടനാണെന്നുമാണ് മസ്ജി കമ്മിറ്റി പറയുന്നത്.
ഈ പശ്ചാത്തലത്തിലാണ് കങ്കണയുടെ പ്രതികരണം. നിയമപോരാട്ടത്തില്‍ അകപ്പെട്ടിരിക്കുന്ന ഗ്യാന്‍വാപി മസ്ജിദ് വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. മെയ് 20 നാണ് കങ്കണയുടെ പുതിയ ചിത്രമായ ധാക്കഡ് റിലീസ് ചെയ്യുന്നത്. ആക്ഷൻ ചിത്രത്തിൽ ഒരു സ്പെെയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്. അർജുൻ രാംപാലും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.