• Wed. Jun 29th, 2022

പുറത്താക്കാം, പക്ഷേ നിശബ്ദനാക്കാനാവില്ല’; ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍

പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിയെ വിമര്‍ശിച്ചതിന് ഹൈക്കമാന്‍ഡ് നേരത്തെ സുനില്‍ ജാഖറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ അദ്ദേഹം ഡല്‍ഹിയിലായിരുന്നു. ഇന്ന് ബിജെപി ആസ്ഥാനത്ത് എത്തി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.
പാര്‍ട്ടി ഇപ്പോള്‍ ഒരു കൂട്ടം ചങ്ങാതികളുടെ ഗ്യാങ്ങ് ആയി മാറിയിരിക്കുന്നുവെന്ന് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസ് പഞ്ചാബിലെ ജനങ്ങളെ ‘ശതമാനങ്ങളാക്കി’ പരിഗണിച്ചുവെന്നും ജാതിയുടെ പേരില്‍ വിഭജിച്ചുവെന്നും താന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പേരിലാണ് തന്നെ മൂലക്കിരുത്തിയത്. നിങ്ങള്‍ക്ക് ഒരു പക്ഷേ സുനില്‍ ജാഖറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സാധിച്ചേക്കും, എന്നാല്‍ നിശബ്ദനാക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കോണ്‍ഗ്രസുമായി എനിക്ക് 50 വര്‍ഷത്തിലേറെ ബന്ധമുണ്ട്. 1972 മുതല്‍ മൂന്ന് തലമുറകളായി തന്റെ കുടുംബം കോണ്‍ഗ്രസിനൊപ്പമാണ്. ഞാന്‍ പാര്‍ട്ടിയെ കുടുംബമായി തന്നെയാണ് പരിഗണിച്ചത്. വ്യക്തിപരമായ കാരണങ്ങളാലല്ല, അടിസ്ഥാനപരമായ ചില പ്രശ്‌നങ്ങള്‍ കാരണമാണ് താന്‍ പാര്‍ട്ടി വിടുന്നത്. കോണ്‍ഗ്രസില്‍ ജാതീയതയുണ്ടെന്നും എന്നാല്‍ ബിജെപി എല്ലാവരേയും തുല്യരായാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ജാഖറിന് പഞ്ചാബില്‍ പാര്‍ട്ടിക്ക് വേണ്ടി നിര്‍ണ്ണായകമായ ചില കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ജെപി നദ്ദ പറഞ്ഞു. തനിക്ക് പഞ്ചാബ് കേന്ദ്രീകരിച്ച് തന്നെയാണ് പ്രവര്‍ത്തിക്കാന്‍ താത്പര്യമെന്ന് ജാഖര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. പഞ്ചാബില്‍ ചില ചുമതലകള്‍ നല്‍കാനും സാധ്യതയുണ്ടെന്നും കൂടുതല്‍ അസംതൃപ്തരായ കോണ്‍ഗ്രസുകാരെ ബിജെപിയിലേക്ക് കൊണ്ടുവരുന്നതില്‍ ഇത് നിര്‍ണായകമാകുമെന്നും ജാഖറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.ഗുഡ്ബൈ, ഗുഡ്ലക്ക് കോണ്‍ഗ്രസ് എന്ന് പറഞ്ഞ് ഫേസ്ബുക്ക് ലൈവിലൂടെയാണ് സുനില്‍ ജാഖര്‍ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. പാര്‍ട്ടിയെ മെച്ചപ്പെടുത്താന്‍ വിളിച്ചു ചേര്‍ത്ത ചിന്തന്‍ ശിവിര്‍ ഉദയ്പൂരില്‍ പുരോഗമിക്കവെയായിരുന്നു പുറത്തുപോക്ക്. മുതിര്‍ന്ന നേതാവ് എകെ ആന്റണി ചെയര്‍മാനായ അഞ്ചംഗ അച്ചടക്ക സമിതി സുനില്‍ ജാഖറിനെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്ന് മാറ്റണമെന്നും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിക്ക് കാരണം മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് ഛന്നിയാണ്. തെരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് സെപ്തംബറില്‍ അമരീന്ദര്‍ സിങ്ങിന് പകരം ചരണ്‍ജിത് സിംഗ് ഛന്നിയെ നിയമിച്ചതാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമായതെന്നും സുനില്‍ ജാഖര്‍ ചൂണ്ടിക്കാണിച്ചു. പഞ്ചാബ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ അംബിക സോണിയേയും സുനില്‍ ജാഖര്‍ വിമര്‍ശിച്ചിരുന്നു.