• Thu. Oct 6th, 2022

‘ഇത് കേരളത്തിലെ ദേശീയവാദികളുടെ വിജയം’; ജിഹാദി ഇടത് ഇക്കോ സിസ്റ്റവും ജലീലിന് രക്ഷയായില്ലെന്ന് സന്ദീപ് വാര്യര്‍

കശ്മീരിനെ കുറിച്ചുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് മുൻ മന്ത്രി കെ ടി ജലീൽ പിന്‍വലിച്ചതോടെ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. കേരളത്തിലെ ജിഹാദി ഇടത് ഇക്കോ സിസ്റ്റം ഒരുക്കിയ സംരക്ഷണ കവചം രക്ഷയായില്ലെന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷിക വേളയിൽ കെ ടി ജലീലിന് ദേശവിരുദ്ധ പരാമർശങ്ങൾ പിൻവലിക്കേണ്ടി വന്നിരിക്കുന്നു.ഇത് പരിപൂർണ വിജയമാണെന്നല്ല, മറിച്ച് കേരളത്തിന്‍റെ സാഹചര്യത്തിൽ ദേശീയവാദികൾക്ക് ഇത് വിജയം തന്നെയാണെന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞു. കേരളത്തിലെ ബഹുഭൂരിപക്ഷം  ജനങ്ങളെയും ദേശീയതക്കൊപ്പം അണിനിരത്താൻ ഈ വിഷയത്തിൽ സാധിച്ചു. ഒരാൾക്കും ജലീലിനെ സംരക്ഷിക്കാനായില്ല. ഇത് തുടക്കമാണ്. കേരളവും ഇന്ത്യയാണ് എന്ന് മനസിലാക്കിക്കൊള്ളണം . ഈ മണ്ണ് വിട്ട് നിഷ്കളങ്കരായ കഷ്മീരി പണ്ഡിറ്റുകളെ പോലെ പലായനം ചെയ്യാനല്ല, പൊരുതാനാണ് തീരുമാനമെന്നും സന്ദീപ് കുറിച്ചു.അതേസമയം, പോസ്റ്റിലെ പരമാർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്നാണ് ജലീൽ വ്യക്തമാക്കിയത്. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാടിന്റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നുവെന്നാണ് കെ ടി ജലീലിന്‍റെ വിശദീകരണം.