• Thu. Oct 6th, 2022

സോളാര്‍ പീഡനക്കേസ്; ഹൈബി ഈഡനെതിരെ തെളിവില്ലെന്ന് സിബിഐ

സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡൻ എംപിക്കെതിരെ തെളിവില്ലെന്ന് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിൽ തെളിവ് കണ്ടെത്താൻ സാധിച്ചില്ലെന്നും പരാതിക്കാരിക്കും തെളിവ് നൽകാൻ കഴിഞ്ഞില്ലെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി.പീഡന ആരോപണവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത ആറു കേസുകളിൽ ആദ്യത്തെ കേസിന്റെ അന്വേഷണ റിപ്പോർട്ട് ആണ് കോടതിയിൽ സമർപ്പിച്ചത്. സോളാർ കേസ് പ്രതി നൽകിയ പരാതിയിലാണ് ഹൈബി ഈഡനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നത്. സോളാർ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസുമായി ബന്ധപ്പെട്ട് എംഎൽഎ ഹോസ്റ്റലിൽ പരാതിക്കാരിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു.
ആദ്യം കേസ് അന്വേഷിച്ച കേരള പൊലീസിന്റെ പ്രത്യേക സംഘത്തിനും എംപിക്കെതിരെ തെളിവ് കണ്ടെത്താനായിരുന്നില്ല. നാല് വർഷമാണ് ഈ കേസ് പൊലീസ് അന്വേഷിച്ചത്. തെളിവ് ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. കേസ് സിബിഐക്ക് വിട്ടതിനെ കോൺ​ഗ്രസ് ശക്തമായി എതിർത്തിരുന്നു. സോളാർ കേസിലെ പ്രതിയുടെ പരാതി വ്യാജമാണെന്നായിരുന്നു കോൺ​ഗ്രസ് തുടക്കം മുതലേ വാദിച്ചിരുന്നത്.