• Thu. Oct 6th, 2022

ഐതിഹാസിക ദിനം, അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയണം’; പ്രധാനമന്ത്രി നരേന്ദ്രമോദി

അടുത്ത 25 വര്‍ഷം രാജ്യത്തിന് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം പുത്തന്‍ ഉണര്‍വിലാണെന്നും ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ഇതുവരെയുള്ള രാജ്യത്തിന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്നും, ഇക്കാലയളവില്‍ നിരവധി ഉയര്‍ച്ച താഴ്ചകളെ രാജ്യം അഭിമുഖീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. വൈവിധ്യമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി. അടിമത്തത്തിന്റെ ചങ്ങലകള്‍ നാം പൊട്ടിച്ചെറിയണം. അനേകം പ്രതിബന്ധങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യ മുന്നേറി. ലോകത്തിന് മുന്നില്‍ ഇന്ത്യയെ കുറിച്ചുള്ള കാഴ്ച്ചപ്പാടില്‍ മാറ്റങ്ങള്‍ വന്നു. വരും വര്‍ഷങ്ങളില്‍ അഞ്ച് പ്രധാന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി മുന്നോട്ട് പോകണം. വികസിത ഇന്ത്യ, അടിമത്ത മനോഭാവം ഇല്ലാതക്കല്‍, പാരമ്പര്യത്തില്‍ അഭിമാനിക്കല്‍, വിവിധ വിഭാഗങ്ങള്‍ക്കിടയിലെ ഐക്യം, കടമ നിര്‍വഹിക്കല്‍ എന്നിവയിലെല്ലാമാണ് കേന്ദ്രീകരിക്കേണ്ടത്. അടുത്ത 25 വര്‍ഷം രാജ്യത്തെ സംബന്ധിച്ച് പ്രധാനമാണെന്നും മോദി പറഞ്ഞു
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിടുന്ന അവസരത്തില്‍ എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മാത്രമല്ല, ലോകത്തിന്റെ എല്ലാ കോണുകളിലും ഭാരതീയരാലും ഭാരതത്തോട് സ്നേഹം പുലര്‍ത്തുന്നവരാലും നമ്മുടെ ത്രിവര്‍ണ്ണ പതാക പ്രൗഢിയോടെ, ശോഭയോടെ, മഹത്വത്തോടെ പാറിപ്പറക്കുകയാണ്. ലോകമെമ്പാടുമുള്ള ഭാരതീയര്‍ക്കും ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കും സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ആശംസകള്‍. ഐതിഹാസികമായ ഒരു ദിനമാണിന്ന്. ഒരു പുതിയ പാതയിലേക്കും ചുവടുവയ്പ്പിനും പുതിയ സങ്കല്‍പത്തിലേക്കും മുന്നേറുന്നതിനുള്ള ശുഭകരമായ അവസരമാണ്. ഇന്ത്യ സ്വയംപര്യാപ്തയാണ്.സ്വാതന്ത്ര്യത്തിനുള്ള പോരാട്ടത്തില്‍ അടിമത്തത്തിന്റെ കാലഘട്ടം സംഘര്‍ഷം നിറഞ്ഞതായിരുന്നു. ഭാരതത്തിലെ ജനങ്ങള്‍ നൂറ് വര്‍ഷത്തോളം അടിമത്തത്തിനെതിരെ പോരാടാത്ത, ജീവന്‍ ബലി നല്‍കാത്ത ഒരിടം പോലും രാജ്യത്തില്ല. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ചവരെ സ്മരിക്കേണ്ട ദിനമാണ്. അവരുടെ സ്വനപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കേണ്ടതിന് പ്രതിജ്ഞാബദ്ധരാകേണ്ട ദിനവുമാണ്. മഹാത്മാ ഗാന്ധി, നേതാജി സുഭാഷ് ചന്ദ്ര ബോസ്, ബാബാസാഹബ് അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്റു എന്നിവര്‍ക്കൊപ്പം വീര്‍ സവര്‍ക്കരെയും പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറയിളക്കിയത് വിപ്ലവകാരികളാണ്. ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവരെയും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. സ്വാതന്ത്ര്യത്തിനായി പോരാടിയ വനിതകളെയോര്‍ത്ത് അഭിമാനിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. റാണി ലക്ഷ്മിഭായ്, ജല്‍ക്കാരി ഭായ്, ഭീഗം ഹസ്രത്ത് മഹല്‍ എന്നിവരെ പ്രധാനമന്ത്രി അനുസ്മരിച്ചു.