ആൻ്റോ ആൻ്റണി രാജ്യത്തെ അപമാനിച്ചു, രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം’: കെ സുരേന്ദ്രൻ

പുൽവാമ വിവാദ പ്രസ്താവനയിൽ പത്തനംതിട്ട എംപി ആൻ്റോ ആൻ്റണിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആരുടെ വോട്ടിനു വേണ്ടിയാണ് നീചമായ ഇത്തരം പ്രസ്താവന നടത്തുന്നത്. ആൻ്റോയുടെ പാക് അനുകൂല നിലപാടിന് പത്തനംതിട്ടയിലെ ദേശസ്നേഹികൾ വോട്ടിലൂടെ മറുപടി പറയുമെന്നും കെ സുരേന്ദ്രൻ.പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെന്ന പറഞ്ഞ ആൻ്റോ രാജ്യത്തെ അപമാനിച്ചു. ആരുടെ വോട്ടിന് വേണ്ടിയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ആൻ്റോ പറയണം. ഇന്ത്യൻ സൈന്യം ആവർത്തിച്ച് വ്യക്തമാക്കിയ കാര്യമാണ് നാല് വോട്ടിന് വേണ്ടി പത്തനംതിട്ട എംപി മാറ്റി പറഞ്ഞത്. രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച 44 സൈനികരെ അവഹേളിക്കുകയും സൈന്യത്തിൻ്റെ ആത്മവീര്യത്തെ ചോദ്യം ചെയ്യുകയുമാണ് ആൻ്റോ ചെയ്തതെന്നും സുരേന്ദ്രൻ.

പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാന് എന്ത് പങ്കെന്നായിരുന്നു ആൻ്റോ ആൻ്റണി എംപിയുടെ ചോദ്യം. തെരഞ്ഞെടുപ്പ് ജയിക്കാൻ ബിജെപി എന്തും ചെയ്യും എന്നതിൻ്റെ ഉദാഹരണമാണ് പുൽവാമ ആക്രമണമെന്നും ആൻ്റോ ആൻ്റണി കുറ്റപ്പെടുത്തി. കേന്ദ്രം അറിയാതെ പുൽവാമയിലേക്ക് ആർക്കും പ്രവേശിക്കാൻ കഴിയില്ല. അന്നത്തെ കശ്മീർ ഗവർണർ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. ഇന്ത്യൻ ടെറിറ്ററിക്കുള്ളിൽ നടന്ന സ്ഫോടനമാണ് പുൽവാമയിലേത്. 42 ജവാൻമാരുടെ ജീവൻ കേന്ദ്രം ബലി കൊടുത്തുവെന്നും ആൻ്റോ ആൻ്റണി കുറ്റപ്പെടുത്തി.

Previous articleജനങ്ങൾ പറയട്ടെ!
Next articleഎൽ.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വിവാദ പ്രസ്താവന തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ.