കൊച്ചി: കളമശേരിയിലേത് അസൂത്രിതമായ ഭീകരാക്രമണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സംഭവം ഞെട്ടിച്ചു. ആസൂത്രിതമായ സംഭവം എന്നാണ് പൊലീസിന് ലഭിച്ച വിവരം. കേരളത്തിന്റെ സാമൂഹിക ക്രമത്തെ അലങ്കോലപ്പെടുത്താനുള്ള ശ്രമമാണിത്. സർക്കാർ ഗൗരവമായിട്ടാണ് സംഭവത്തെ കാണുന്നത്. ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.ഒരു കുറ്റവാളിയേയും രക്ഷപെടാൻ അനുവദിക്കില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിക്കണം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും എൽഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു.
കളമശ്ശേരി കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ ഗൗരവമുള്ള അന്വേഷണം വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആവശ്യപ്പെട്ടു. പൊട്ടിത്തെറിയുടെ കാരണം അന്വേഷിക്കണം. മുൻവിധിയോട് കൂടി സമീപിക്കേണ്ടതില്ല. ബോംബിന്റെ അവശിഷ്ടങ്ങൾ ഉണ്ടെന്നാണ് പറയുന്നത്. ഭീകരബന്ധം ഉണ്ടോ എന്നത് ഉൾപ്പെടെ എല്ലാം അന്വേഷിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
‘ലോകമെമ്പാടും പലസ്തീൻ ജനവിഭാഗത്തിനൊപ്പം അണിചേർന്ന് മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിൽ കേരള ജനത ഒന്നടങ്കം പലസ്തീൻ ജനതയുടെ ഒപ്പം നിന്ന് പൊരുതുമ്പോളും ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പര്യാപ്തമായ ഭീകരമായ ശ്രമം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും കർശനമായ നടപടി സ്വീകരിച്ചുകൊണ്ട് സർക്കാരും ജനാധിപത്യ ബോധമുളളവരും ഇതിനെ എതിർക്കേണ്ടതുണ്ട്,’ എന്ന് എം വി ഗോവിന്ദൻ പറഞ്ഞു.