കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചികിത്സാ വിവാദത്തിലെ ഓഡിയോ ക്ലിപ്പിനെതിരെ പ്രതികരിച്ച് പുതുപ്പളളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. വേട്ടയാടൽ അപ്പ മുൻകൂട്ടി കണ്ടിരുന്നു. അദ്ദേഹം മരിക്കുന്നതിന് മുമ്പ് തന്നെ ആരോഗ്യസ്ഥിതിയെ കുറിച്ച് കുറിപ്പ് എഴുതിവെച്ചിരുന്നു. സമയമാകുമ്പോൾ താൻ അത് പുറത്തുവിടുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.
‘ഒക്ടോബർ ആദ്യവാരത്തിൽ തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുളള ഒരു കുറിപ്പ് ഉമ്മൻ ചാണ്ടി എഴുതിവെച്ചിട്ടുണ്ട്. സമയമാകുമ്പോൾ ഞാനത് പുറത്തുവിടും. ഈ കാര്യങ്ങളെല്ലാം അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നു. തിരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് ഞാൻ പ്രതികരിക്കാതിരുന്നത്. സത്യം ആരൊക്കെ മൂടിവെച്ചാലും പുറത്തുവരും. രണ്ടാം വയസ്സിലാണ് അപ്പയുമായി പരിചയത്തിലാകുന്നത്. അപ്പയെ ആദ്യം രാമൻ എന്നാണ് ഞാൻ വിളിച്ചിരുന്നത്. എന്റെ ദൈവമായിട്ട് ആണ് പിതാവിനെ കാണുന്നത്. ഈ വേട്ടയാടൽ തുടർന്നോട്ടെ പക്ഷേ ഇത് അദ്ദേഹം മുൻകൂട്ടി കണ്ടിട്ടുണ്ട്,’ ചാണ്ടി ഉമ്മൻ പറഞ്ഞു.
അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് ഞങ്ങളുടെ കുടുംബത്തെ വേട്ടയാടുകയാണ്. 20 വർഷമായി ഇത് നടക്കുന്നു. യഥാർത്ഥ വിഷയത്തിൽ അവർ ഒന്നും പറയുന്നില്ല. എൽഡിഎഫിന്റെ രാഷ്ട്രീയ കാപട്യത്തിന് തന്റെ കുടുംബം ഇരയായികൊണ്ടിരിക്കുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വികസനം ചർച്ച ചെയ്താണ് പുതുപ്പളളിയിൽ മത്സരം നടന്നത്. വികസനത്തിനും കരുതലിനുമാണ് വോട്ട്. ജയവും തോൽവിയും ജനങ്ങൾ തീരുമാനിക്കുമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.