കോണ്‍ഗ്രസ് രാജ്യവ്യാപക സംഭാവന പിരിവ് ഡിസംബര്‍ 18ന് ആരംഭിക്കും

ന്യൂഡല്‍ഹി: പണഞെരുക്കം പരിഹരിക്കാന്‍ ദേശവ്യാപകമായി ധനസമാഹരണം നടത്താനൊരുങ്ങി കോണ്‍ഗ്രസ്. പാര്‍ട്ടി സ്ഥാപകദിനമായ ഡിസംബര്‍ 18ന് ക്രൗഡ് ഫണ്ടിംഗ് മാതൃകയിലുള്ള ധനസമാഹരണം ആരംഭിക്കും. 138ന്‍റെ ഗുണിതങ്ങളാണ് സംഭാവനയായി സ്വീകരിക്കുക.

‘ദേശത്തിന് വേണ്ടി സംഭാവന ചെയ്യൂ’ എന്ന പേരിലാണ് ധനസമാഹരണം നടക്കുക. 1920-21 കാലത്ത് മഹാത്മഗാന്ധി തിലക് സ്വരാജ് ഫണ്ട് നടത്തിയത് പോലെയാണ് ഇപ്പോഴത്തെ ധനസമാഹരണമെന്ന് എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ 138ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ചാണ് 138ന്റെ ഗുണിതങ്ങളായി സംഭാവന സ്വീകരിക്കുന്നതെന്ന് എഐസിസി ഖജാന്‍ജി അജയ് മാക്കന്‍ പറഞ്ഞു. 138, 1380, 13,800 രൂപ സംഭാവനയായി തരണമെന്ന് രാജ്യത്തെ പൗരന്മാരോട് കോണ്‍ഗ്രസ് അഭ്യര്‍ത്ഥിക്കുകയാണ്. മെച്ചപ്പെട്ട ഇന്ത്യക്ക് വേണ്ടി കോണ്‍ഗ്രസിന് പ്രവര്‍ത്തിക്കാനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ ഡിസംബര്‍ 18ന് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ധനസമാഹരണം ഉദ്ഘാടനം ചെയ്യും. രണ്ട് വെബ്‌സൈറ്റുകള്‍ വഴിയാണ് സംഭാവന സ്വീകരിക്കുക.

Previous articleകുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു
Next articleസമരങ്ങളെ നേരിടുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പ്, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്ക് എതിരെ നടന്നത് കൊടിയ ആക്രമണം; പി.കെ കുഞ്ഞാലിക്കുട്ടി