ചെന്നൈ: മകന്‍റെ കോളജ് ഫീസടക്കാൻ പണമില്ലാതായതോടെ സർക്കാറിൽ നിന്ന് ആശ്വാസധനം പ്രതീക്ഷിച്ച് ബസിന് മുന്നിൽ ചാടിയ അമ്മക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. കലക്ടർ ഓഫിസിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായ പാപ്പാത്തി (45)യാണ് മരിച്ചത്.
വാഹനാപകടത്തിൽ മരിക്കുന്നവർക്ക് സർക്കാർ ആശ്വാസധനം നൽകുമെന്ന ധാരണയിൽ ഇവർ ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു. അപകടത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു
മകന്‍റെ പഠനത്തിനുള്ള പണം കയ്യിലില്ലാത്തതിനാൽ പാപ്പാത്തി ഏറെ നാളായി മാനസിക പ്രയാസത്തിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്താൽ ബന്ധുക്കൾക്ക് സർക്കാറിൽ നിന്ന് ആശ്വാസധനം ലഭിക്കുമെന്ന് പാപ്പാത്തിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു.
സംഭവദിവസം പാപ്പാത്തി ആദ്യം ഒരു ബസിന് മുന്നിൽ ചാടാൻ ശ്രമിച്ചപ്പോൾ എതിരെ വന്ന ബൈക്ക് ഇടിച്ച് ഇവർക്ക് പരിക്കേറ്റു. ഇതിന് മിനിറ്റുകൾക്ക് ശേഷമാണ് അടുത്ത ബസിന് മുന്നിൽ ഇവർ ചാടിയത്. റോഡരികിലൂടെ നടക്കുന്നതിന്‍റെയും ബസിനുമുന്നിൽ ചാടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഭർത്താവ് ഉപേക്ഷിച്ചുപോയ പാപ്പാത്തി 18 വർഷമായി ഒറ്റക്കാണ് മകനും മകളും അടങ്ങിയ കുടുംബത്തെ മുന്നോട്ടുകൊണ്ടുപോയിരുന്നത്.