പത്തനംതിട്ട: ജ്യോതിക്ക് ഇനിയും ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കിടക്കേണ്ടി വരില്ല. ഭിന്നശേഷിക്കാരിയായ ജ്യോതിക്ക് അടച്ചുറപ്പുള്ള വീട് നിർമിച്ചു നല്‍കുമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ ഉറപ്പ്.
പൊട്ടിപ്പൊളിഞ്ഞ ജ്യോതിയുടെ വീടിന്റെ ശോച്യാവസ്ഥ മാറ്റാന്‍ പുതിയ വീടിന് അപേക്ഷിക്കാനാണ് സഹോദരി ഗിരിജ ദിവസങ്ങള്‍ക്ക് മുമ്പ് കലക്ടറേറ്റിലെത്തിയത്. അപേക്ഷ പരിശോധനക്കിടയില്‍ ജ്യോതിക്ക് രേഖകളൊന്നുമില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് കലക്ടറുടെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്ന് ജ്യോതിക്ക് റേഷൻ കാര്‍ഡ്, ആധാർ കാര്‍ഡ് തുടങ്ങിയ രേഖകൾ ലഭ്യമാക്കി.
മുട്ടം ഹരിജൻ കോളനിയിലെ ബ്ലോക്ക് 29ാം നമ്പർ വീട്ടിലെത്തിയാണ് കലക്ടർ ഭിന്നശേഷിക്കാരിയായ ജ്യോതിക്ക് (42) റേഷൻ കാര്‍ഡും ആധാർ കാര്‍ഡും കൈമാറിയത്. വീട്ടിൽ ഒറ്റക്ക് കഴിയുന്ന ജ്യോതിയെ സംരക്ഷിക്കുന്നത് സഹോദരി ഗിരിജയും ഗിരിജയുടെ മക്കളായ അനന്തുവും അഭിജിത്തും ചേര്‍ന്നാണ്. വളയും മാലയും ഏറെ ഇഷ്ടപ്പെടുന്ന ജ്യോതിക്ക് തന്റെ കൈയിലുണ്ടായിരുന്ന കുപ്പിവളകൾ കളക്ടർ ഊരിനല്‍കി ഒപ്പം ജ്യോതിക്കായി കരുതിയ ഓണക്കോടിയും.
തുമ്പമൺ പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, വൈസ് പ്രസിഡന്റ് തോമസ് ടി. വർഗീസ്, പഞ്ചായത്ത് അംഗം കെ.സി. പവിത്രൻ, സാമൂഹികനീതി വകുപ്പ് ഓഫിസർ ഷംലാ ബീഗം, ഐ.ടി. മിഷൻ ജില്ല കോഓഡിനേറ്റർ ധനേഷ് തുടങ്ങിയവരും ഒപ്പമുണ്ടായി.