രാമരാജ്യം സ്ഥാപിക്കൽ നമ്മുടെ സ്വപ്‌നമാണെന്ന്;ഡി.കെ ശിവകുമാർ.

ബംഗളൂരു: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ആശംസ നേർന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. രാമരാജ്യം സ്ഥാപിക്കൽ നമ്മുടെ സ്വപ്‌നമാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. രാമക്ഷേത്ര ഉദ്ഘാടനത്തിന് എല്ലാ ആശംസയും അറിയിക്കുന്നതായും ഡി.കെ അറിയിച്ചു. കോൺഗ്രസ് നേതാവ് ശശി തരൂരും വിഗ്രഹ പ്രതിഷ്ഠയിൽ പ്രതികരിച്ചു.രാമരാജ്യ സംസ്ഥാപനം നമ്മുടെ സ്വപ്‌നമാണ്. സാക്ഷാത്ക്കരിക്കണമെന്ന ലക്ഷ്യത്തോടെ അഞ്ച് വാഗ്ദാനങ്ങളാണ് ഇന്നു നടപ്പിലാക്കിയത്. ശ്രീരാമന്റെ ആദർശവും ഹനുമാന്റെ ദൃഢവിശ്വാസവും അർത്ഥപൂർണമായ ജീവിതമാണ്. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് എല്ലാ ആശംസയും.”-ഡി.കെ ശിവകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു.രാമക്ഷേത്ര പ്രതിഷ്ഠാ സമയത്ത് കർണാടകയിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്താൻ നേരത്തെ ഡി.കെ ശിവകുമാർ ഉത്തരവിട്ടത് വിവാദമായിരുന്നു. രാമക്ഷേത്രത്തിൽ പോകുന്നതിൽ തെറ്റില്ലെന്നും ജനവികാരത്തെ മാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.തങ്ങളുടെ ഭക്തിയും ആദരവും മതവുമൊന്നും പരസ്യപ്പെടുത്തില്ലെന്നാണ് കഴിഞ്ഞ ദിവസം ഡി.കെ വിശദീകരിച്ചത്. ”മന്ത്രിമാരെല്ലാം ക്ഷേത്രങ്ങളിൽ പ്രാർത്ഥന നടത്തുന്നുണ്ട്. എല്ലാവരോടും പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. സിദ്ധരാമയ്യയുടെ പേരിൽ രാമനുണ്ട്. എന്റെ പേരിൽ ശിവയും. ആരും ഒന്നും ഞങ്ങളെ പഠിപ്പിക്കേണ്ട. ഞങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഞങ്ങൾ നിർവഹിച്ചിരിക്കും”-കർണാടകയിൽ അവധി പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെ ഡി.കെ ശിവകുമാർ വിശദീകരിച്ചു.

Previous articleപൊതുജനാഭിപ്രായം
Next articleപ്രാണപ്രതിഷ്ഠ ചടങ്ങിനിടെ രാമഭക്തന് ഹൃദയാഘാതം; രക്ഷകരായി വായുസേന